
കൊച്ചി: അവതാരകയോട് മോശമായി സംസാരിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസി കൊച്ചി മരട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഐപിസി 509, 354(എ), 294 ബി പ്രകാരമാണ് കേസടുത്തിരിക്കുന്നത്. അതിനിടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് അവതാരക നല്‍കിയ പരാതിയില്‍ ശ്രീനാഥ് ഭാസിയെ വിളിച്ചു വരുത്താനും നീക്കമുണ്ട്.
ഇന്ന് രാവിലെ 10 മണിക്ക് മരട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് ശ്രീനാഥ് ഭാസിയോട് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ അല്‍പ്പം കൂടി സമയം അനുവദിച്ച് നല്‍കണമെന്ന് ശ്രീനാഥ് ഭാസി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഉച്ചയ്ക്ക് ശേഷം അദ്ദേഹം പോലീസിന് മുന്നില്‍ സുഹൃത്തുക്കള്‍ക്കെപ്പമാണ് ഹാജരായത്. അദ്ദേഹത്തിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. ഒരു ഓണ്‍ലൈന്‍ ചാനല്‍ അവതാരകയാണ് ശ്രീനാഥ് ഭാസിക്കെതിരെ പരാതി നല്‍കിയത്. അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. മരട് പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം. പോലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നല്‍കിയിരുന്നു.
അതേസമയം, താന്‍ അവതാരകയെ തെറിവിളിച്ചിട്ടില്ലെന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞത്. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു.
Comments