KERALA
കുട്ടനാട്ടിലെ മഴ കണ്ട് കൂട്ടുകൂടാൻ ആനവണ്ടി പ്രേമികളെത്തി
ആലപ്പുഴ ∙ കുട്ടനാട്ടിൽ മൺസൂൺ ആസ്വദിക്കാൻ ആനവണ്ടിപ്രേമികകളെത്തി. കെഎസ്ആർടിസി ഫാൻസ് അസോസിയേഷന്റെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150 അംഗങ്ങളാണു കെഎസ്ആർടിസി ബസ് വാടകയ്ക്കെടുത്ത് ഒരു പകൽ പാടവരമ്പത്തും കായലോരത്തുമൊക്കെ കറങ്ങിയത്. 10,500 രൂപവീതം വാടക ഈടാക്കി കോർപറേഷന്റെ 3 ബസുകൾ ഇവരുടെ യാത്രയ്ക്കു വിട്ടുനൽകി.
പമ്പയിലെ 3 സംഗമത്തിനുശേഷം കുമളി, പൈതൽമല, കണ്ണൂർ വഴിയാണ് ഏഴാമതു ഫാൻസ് മീറ്റിന് ആലപ്പുഴ വേദിയായത്.രാവിലെ ഒൻപതിനു ജില്ലാ ഡിപ്പോയിൽ നിന്നു തുടങ്ങിയ യാത്ര കൈനകരി–പൂപ്പള്ളി–ചമ്പക്കുളം–പുളിങ്കുന്ന്–കിടങ്ങറ–മുട്ടാർ, ചക്കുളത്തുകാവ്– എടത്വ–തകഴി വഴി ഉച്ചകഴിഞ്ഞ് ആലപ്പുഴയിൽ തിരിച്ചെത്തുമ്പോഴേക്കു മഴ കനത്തു.പ്രകൃതിയെ അടുത്തറിഞ്ഞും പരസ്പരം പരിചയപ്പെട്ടും ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചുമൊക്കെയായിരുന്നു യാത്ര.
തിരുവനന്തപുരം മുതൽ കണ്ണൂർവരെയുള്ള അംഗങ്ങൾ പങ്കെടുത്തു. വാട്സാപ് മുഖേന സീറ്റ് റിസർവേഷനു സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഭക്ഷണമുൾപ്പെടെ ഒരാൾക്കു 300 രൂപയാണു ചെലവ്. പുതുതലമുറയ്ക്കു കെഎസ്ആർടിസി ബസ് യാത്രയിൽ താൽപര്യമുണ്ടാക്കുന്നതിനു വേണ്ടി തുടങ്ങിയ ആനവണ്ടി ട്രാവൽ ബ്ലോഗിനു സമൂഹമാധ്യമങ്ങളിൽ ആരാധകരേറെയാണ്.
Comments