Uncategorized

കുട്ടികളോട് ഡോക്ടർമാരടക്കമുള്ള ആശുപത്രി ജീവനക്കാർ സൗഹാർദത്തോടും സഹാനുഭൂതിയോടും പെരുമാറണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ

കൊല്ലം: ചികിത്സ തേടിയെത്തുന്ന കുട്ടികളോട് ഡോക്ടർമാരടക്കമുള്ള ആശുപത്രി ജീവനക്കാർ സൗഹാർദത്തോടും സഹാനുഭൂതിയോടും പെരുമാറണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ നിർദേശിച്ചു. സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളും ശിശുസൗഹൃദമാക്കി തീർക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി, ഡയറക്ടർ എന്നിവരോട് കമ്മിഷൻ അംഗം റെനി ആന്റണി നിർദേശിച്ചു.

കഴിഞ്ഞ സെപ്റ്റംബർ 24-ന് പാമ്പുകടിയേറ്റതിനെത്തുടർന്ന്   ആശുപത്രിയിലെത്തിച്ച കുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും ഒടുവിൽ അഞ്ചരമണിക്കൂറിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ഡയാലിസിസ് ചെയ്താണ് രക്ഷിച്ചതെന്നുമുള്ള വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
ആശുപത്രി സൂപ്രണ്ട്, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ തുടങ്ങിയവരോട് വിശദീകരണം തേടിയ കമ്മിഷൻ കുട്ടിയുടെ അമ്മയോടും സംസാരിച്ചു. കുട്ടിയെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സിച്ചെന്നും പാമ്പുവിഷം ശരീരത്തിൽ കടന്നതിന്റെ ബാഹ്യലക്ഷണമില്ലാതിരുന്നിട്ടും എസ്.എ.ടി.യിലേക്ക് അയച്ചെന്നുമായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. ആശുപത്രിക്കെതിരായ ആരോപണം തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്നും നാടിന്റെ അഭിമാനമായി പ്രവർത്തിക്കുന്ന ആശുപത്രിയെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും സൂപ്രണ്ട് വാദിച്ചു.

കുട്ടിക്ക് മതിയായ ചികിത്സ നൽകിയെന്നു വാദിക്കാമെങ്കിലും ആശുപത്രി ജീവനക്കാരുടെ സമീപനത്തിൽ കാര്യമായ മാറ്റം വരേണ്ടതുണ്ടെന്ന് കമ്മിഷൻ വിലയിരുത്തി. ഒട്ടേറെ ശിശുസൗഹൃദ നടപടികൾ ആരോഗ്യവകുപ്പ് എടുക്കുന്നുണ്ടെങ്കിലും ബാലാവകാശങ്ങളെക്കുറിച്ച് ഡോക്ടർമാർക്കും ജീവനക്കാർക്കും വേണ്ടത്ര ധാരണയില്ലെന്നും കമ്മിഷൻ വിലയിരുത്തി.

പുനലൂർ താലൂക്ക് ആശുപത്രിയിലെത്തുന്ന കുട്ടികളോടുള്ള പെരുമാറ്റം സൗഹാർദപരമാണെന്ന് ഉറപ്പുവരുത്താൻ ജില്ലാ മെഡിക്കൽ ഓഫീസറോട് നിർദേശിക്കുകയും ചെയ്തു.

ആശുപത്രിയിലെത്തുന്ന ആർക്കും യഥാസമയത്തുള്ള ചികിത്സ നിഷേധിക്കരുതെന്ന് കഴിഞ്ഞ മാർച്ചിൽ മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് മുന്നറിയിപ്പു നൽകിയിരുന്നു. രക്തസമ്മർദം വർധിച്ചതിനെത്തുടർന്നുണ്ടായ പക്ഷാഘാതവുമായെത്തിയ രോഗിക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന പരാതി തീർപ്പാക്കുമ്പോഴായിരുന്നു കമ്മിഷന്റെ മുന്നറിയിപ്പ്‌.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button