CALICUTDISTRICT NEWS

കുട്ടികൾക്ക് ആഘോഷമായി അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം

പരിമിതികളെ വകവയ്ക്കാതെ, കരുത്തോടെ ജീവിതത്തിലെ ഓരോ ചുവടും മുന്നോട്ട് വയ്ക്കാനുള്ള ശ്രമത്തിലാണ് ഓരോ കുട്ടിയും  ടാഗോർ സെന്റിനറി ഹാളിൽ നടന്ന
അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കാനായി എത്തിയത്. ദിനത്തോടനുബന്ധിച്ച്  സാമൂഹ്യനീതി വകുപ്പിന്റെ  ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലാ മത്സരങ്ങളിൽ  നൂറിലധികം കുട്ടികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.  ജില്ലാ കലക്ടര്‍ സാംബശിവറാവു  പതാക ഉയര്‍ത്തിയതോടെയാണ്  പരിപാടികൾക്ക് തുടക്കമായത്.  വൈകല്യങ്ങള്‍ മറന്ന്‌ ആട്ടവും പാട്ടുമായി പരിപാടി കുട്ടികൾ  ആഘോഷമാക്കി.  ലളിതഗാനം, മിമിക്രി, പ്രസംഗം, സിംഗിൾ ഡാൻസ്  തുടങ്ങിയ മത്സരങ്ങളാണ് വാരാചരണത്തിന്റെ ഭാഗമായി  സംഘടിപ്പിച്ചത്.

ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ മൂലം പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ സംബന്ധിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് സാമൂഹ്യനീതി വകുപ്പ്  ഭിന്നശേഷി ദിനമാചരിക്കുന്നത്.

സമാപന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ളവർ ഒരിക്കലും പാർശ്വവൽക്കരിക്കപ്പെടുന്നവരായി മാറില്ലെന്നും  സർക്കാറും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സാമൂഹിക സംഘടനകളും അവർക്കൊപ്പമുണ്ടെന്നും  ബാബു പറശ്ശേരി പറഞ്ഞു. ഭിന്നശേഷി സ്കോളർഷിപ്പുകൾ ഈ വർഷം മുതൽ കാലതാമസമില്ലാതെ ലഭ്യമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് തുക നിശ്ചയിച്ച് ഉറപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സമ്മാനവിതരണം സബ് കലക്ടര്‍ പ്രിയങ്ക ജി നിര്‍വ്വഹിച്ചു. അക്കാദമിക മേഖലയിൽ മികവ് തെളിയിച്ച ഭിന്നശേഷിക്കാർക്കുള്ള വിജയാമൃതം അവാർഡും, ഭിന്നശേഷി മേഖലയിലെ പ്രവർത്തനത്തിന് ഏറ്റവും നല്ല എൻസിസി, എൻഎസ്എസ് യൂണിറ്റുകൾക്കുള്ള സഹചാരി അവാർഡും ചടങ്ങിൽ നൽകി. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടികൾ നടത്തിയത്. വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ഒരുക്കിയിരുന്നു. സ്നേഹം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടന്നു.

ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷീബ മുംതാസ്,  എസ്എൽഎൽസി കൺവീനർ പി സിക്കന്ദർ, വികലാംഗ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് മെമ്പർ ഗിരീഷ് കീർത്തി, ലീഗൽ സർവീസസ് അതോറിറ്റി സെക്ഷൻ ഓഫീസർ ആർ സിന്ധു, കേരള വികലാംഗ സംയുക്ത സമിതി പ്രസിഡന്റ്‌ ബാലൻ കാട്ടുങ്ങൽ, കേരള വികലാംഗ അസോസിയേഷൻ ജനറൽ സെക്രട്ടറി മടവൂർ സൈനുദ്ദീൻ,  കെഎസ്എസ്എം ഉത്തരമേഖല പ്രോഗ്രാം കോർഡിനേറ്റർ എം.പി മുഹമ്മദ് ഫൈസൽ, യുഎൽസിസി പ്രതിനിധി  അഭിലാഷ് ശങ്കർ, പ്രൊഫസർ  കോയട്ടി, കേരള ഫെഡറേഷൻ ഫോർ ബ്ലൈൻഡ് പ്രസിഡന്റ്‌ അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button