ജില്ലയില്‍ സെപ്റ്റംബര്‍ 11വരെ യെല്ലോ അലേര്‍ട്ട്

തെക്ക്-കിഴക്ക് അറബിക്കടലിനോട് ചേര്‍ന്നുള്ള മധ്യ-കിഴക്ക് അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ സെപ്റ്റംബര്‍ 11വരെ കേന്ദ്ര കാലാവസ്ഥവകുപ്പ് യെല്ലോ  അലേര്‍ട്ട് പ്രഖ്യാപിച്ചു.   സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീ മീറ്റര്‍ വരെ  ശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളത്.
   താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.  2018, 2019 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവരും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കണം.
പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കണം.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം.
ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിനോട് പൂര്‍ണ്ണമായി സഹകരിക്കണം.
ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കണം. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കില്‍ ലഭിക്കും.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ  നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കണം.
ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.
കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളും ശ്രദ്ധിക്കണം. ശക്തമായ കാറ്റില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച വിവരം https://sdma.kerala.gov.in/windwarning/ എന്ന ലിങ്കില്‍ നിന്ന് ലഭ്യമാണ്.
ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ എങ്ങനെയാണ് മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെര്‍ട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2020 ല്‍ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2020/06/Orange-Book-of-Disaster-Management-2-2020-1.pdf എന്ന ലിങ്കില്‍ ലഭ്യമാണ്.
അലെര്‍ട്ടുകളില്‍ വരുന്ന മാറ്റങ്ങളറിയാന്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകള്‍ പരിശോധിക്കുക.
Comments

COMMENTS

error: Content is protected !!