കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ കൊലപാതകം: പ്രതി പശ്ചിമ ബംഗാൾ സ്വദേശിനിയായ യുവതി
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ മഹാരാഷ്ട്ര സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ബംഗാൾ സ്വദേശിനിയായ യുവതി. ജിയാറാം ജിലോട്ട്(30) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ബംഗാൾ സ്വദേശിനിയായ തസ്മി ബീവിയാണ്(32) കൊലപാതകം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം തസ്മി ബീവിയെ അറസ്റ്റ് ചെയ്യാനാണ് നീക്കം. മൂക്കും വായും ബലമായി പൊത്തിപ്പിടിച്ചതോ കഴുത്ത് ഞെരിച്ചതോ ആണ് മരണകാരണം. ബലപ്രയോഗം നടന്ന് പത്ത് മിനിറ്റിനുള്ളിൽ തന്നെ മരണവും സംഭവിച്ചിട്ടുണ്ടാകാമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മൂന്ന് യുവതികളാണ് സെല്ലിൽ കഴിഞ്ഞിരുന്നത്. രാത്രി ഏഴരക്കും 7.45നും ഇടയിലാണ് മർദനവും ബലപ്രയോഗവും നടന്നത്. ജീവനക്കാർ ഭക്ഷണവുമായി എത്തിയപ്പോൾ ജിയറാം ജിലോട്ട് സെല്ലിൽ വീണുകിടക്കുകയായിരുന്നു. ഇവരുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തമൊഴുകിയിരുന്നു.
ജീവനക്കാരെ കണ്ടതോടെ തസ്മി ബീവി രക്തമെടുത്ത് മുഖത്ത് തേച്ചു. ഇതോടെ പരുക്കേറ്റത് തസ്മിക്കാണെന്ന് കരുതി ജീവനക്കാർ ഇവരെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. എന്നാൽ ജിയറാമിനെ ആരും ശ്രദ്ധിച്ചുമില്ല. പുലർച്ചെയാണ് ജിയറാം മരിച്ചതായി ജീവനക്കാർക്ക് മനസ്സിലാകുന്നത്.