ഭൗമപ്രതിഭാസങ്ങള്‍: ജില്ലയിലെ 67 ഇടങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കും

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, സോയില്‍ പൈപ്പിങ് തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇത്തരം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്  പഠനം നടത്തി റിപ്പോര്‍ട്ട് നല്കാന്‍ ജില്ലയില്‍ അഞ്ച് ടീമുകളെ നിയോഗിച്ചു. കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി(കെ.എസ്.ഡി.എം.എ) യുടെ നിര്‍ദേശപ്രകാരമാണ് ടീം രൂപീകരിച്ചത്. ജിയോളജിസ്റ്റ്, സോയില്‍ കണ്‍സര്‍വേറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദഗ്ധര്‍ ഉള്‍പ്പെട്ടതാണ് ടീം.
ഭൗമപഠനത്തിനുള്ള അംഗീകൃത ഏജന്‍സി ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണെങ്കിലും, പഠനം നടത്തേണ്ട സ്ഥലങ്ങള്‍ വളരെയധികമായതിനാലും  ക്യാമ്പുകളിലും മറ്റ് താല്‍ക്കാലിക താമസസ്ഥലങ്ങളിലും ഉള്ളവരെ എത്രയും വേഗം പുനരധിവസിപ്പിക്കേണ്ടതിനാലും അടിയന്തിരമായി പ്രത്യക സംഘത്തെ നിയോഗിച്ച് പരിശോധന നടത്താന്‍ ദുരന്തനിവാരണ വിഭാഗം നിര്‍ദേശിച്ചിരുന്നു.  ജില്ലയില്‍ നാശനഷ്ടമുണ്ടായ 67 ഇടങ്ങള്‍ സംഘം സന്ദര്‍ശിച്ച് പ്രദേശങ്ങളിലെ ഭൗമപ്രതിഭാസങ്ങള്‍ വിലയിരുത്തി  ഒരാഴ്ചയ്ക്കകം ജില്ലാഭരണകൂടത്തിന്  റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
ഓരോ ടീമിലും രണ്ട് അംഗങ്ങള്‍ വീതമാണുളളത്.  പ്രദേശത്തിന്റെ പ്രത്യേകത, ഭൗമപ്രതിഭാസങ്ങളുടെ സാന്നിദ്ധ്യം, തുടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് സംഘം തയ്യാറാക്കുക. ജില്ലയിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ പഠനം സഹായകമാകും.
കോഴിക്കോട് താലൂക്കിലെ കൊടിയത്തൂര്‍, കുമരനെല്ലൂര്‍, മടവൂര്‍ വില്ലേജുകള്‍, കൊയിലാണ്ടി താലൂക്കിലെ കൂരാച്ചുണ്ട്, അവിടനെല്ലൂര്‍ വില്ലേജ്, വടകര താലൂക്കിലെ കാവിലുംപാറ, മരുതോങ്കര, വാണിമേല്‍, വിലങ്ങാട്, കായക്കൊടി, തിനൂര്‍, ഒഞ്ചിയം, താമരശ്ശേരി താലൂക്കിലെ പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കട്ടിപ്പാറ, കന്തലാട്, കൂടത്തായ്, കിഴക്കോത്ത്, കൂടരഞ്ഞി, ശിവപുരം, പനങ്ങാട് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തുക.
Comments

COMMENTS

error: Content is protected !!