കുതിരവട്ടത്ത് കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം ബന്ധുക്കളുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു
ഈ മാസം ഒന്പതിന് കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ മർദനമേറ്റു മരിച്ച മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ടിന്റെ (30) മൃതദേഹം ഒടുവിൽ ബന്ധുക്കളുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. ആറു വയസ്സുള്ള മകളെയും കൂട്ടിയാണു യുവതിയുടെ ബന്ധുക്കൾ എത്തിയത്. ബന്ധുക്കൾ എത്താത്തതിനെ തുടർന്ന് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിലെ സഹ അന്തേവാസിനിയുടെ മർദനമേറ്റാണ് ജിയ കൊല്ലപ്പെട്ടത്.
വിവാഹം ചെയ്തു ഗർഭിണിയാക്കി കടന്നുകളഞ്ഞ തലശ്ശേരി സ്വദേശിയെ തിരഞ്ഞാണ് മുംബൈ അഹമ്മദ് നഗർ സ്വദേശിനിയായ ജിയ റാം ജനുവരിയിലാണ് കേരളത്തിലെത്തിയത്. ഇവർക്ക് ആറും രണ്ടും വയസ്സുള്ള രണ്ടു പെൺകുട്ടികളാണുള്ളത്. മൂത്ത മകളെ നാട്ടിൽ നിർത്തി ഇളയ കുഞ്ഞുമായാണ് തലശ്ശേരിയിലെത്തിയത്. കുഞ്ഞിനെയും കൊണ്ട് റോഡിൽ അലഞ്ഞു തിരിയുന്നതിനിടെ പിണറായി പൊലീസാണു കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിലെ വൺ സ്റ്റോപ് സെന്ററിൽ എത്തിച്ചത്.
അവിടെ നിന്നു തലശ്ശേരി മഹിളാ മന്ദിരത്തിലാക്കി. അവിടെ വച്ചു മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റി. 2 വയസ്സുള്ള മകൾ കണ്ണൂർ തളിപ്പറമ്പിനു സമീപം പട്ടുവം ദീന സേവന സഭയുടെ കീഴിലുള്ള ബാലികാസദനത്തിലാണുള്ളത്. ആശുപത്രി അധികൃതർ വിലാസം കണ്ടെത്തി അറിയിച്ചതിനെ തുടർന്നാണു ബന്ധുക്കളെത്തിയത്.