കുന്ദമംഗലത്ത് ഭക്ഷ്യ സുരക്ഷാ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കുന്ദമംഗലം മേഖലാ കേന്ദ്രം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സുരക്ഷിതമായ ഭക്ഷ്യ വസ്തുക്കളാണ് ലഭ്യമാക്കപെടുന്നതെന്ന് ഉറപ്പുവരുത്തുന്നതിന് ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ജനങ്ങള്‍ ശ്രദ്ധ ചെലുത്തണമെന്ന് എം.എല്‍.എ പറഞ്ഞു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയില്‍ അധ്യക്ഷത വഹിച്ചു.
മേഖലാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചതോടെ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും സൗകര്യമായിരിക്കയാണ്. മുതലക്കുളം ജില്ലാ ഓഫീസിനോട് ചേര്‍ന്നായിരുന്നു ഇതുവരെ ഓഫീസ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. ഭക്ഷ്യ വസ്തുക്കളുമായി ബന്ധപ്പെട്ട ലൈസന്‍സ് ലഭ്യമാക്കല്‍, പരാതികള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഓഫീസ് കേന്ദ്രീകരിച്ച് നടത്തുക. കുന്ദമംഗലം, ചാത്തമംഗലം, മാവൂര്‍, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ എന്നീ ആറ് പഞ്ചായത്തുകളാണ് ഓഫീസിന്റെ പരിധിയില്‍ വരുന്നത്.
ബേപ്പൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ ഡോ. ജോസഫ് കുര്യാക്കോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.കെ ജൗഹര്‍, പൗര സമിതി പ്രതിനിധി എം.വിശ്വനാഥന്‍ നായര്‍ സംസാരിച്ചു. കുന്ദമംഗലം മേഖലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ എ.പി അനു ഓഫീസ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ ഏലിയാമ്മ സ്വാഗതവും തിരുവമ്പാടി മേഖലാ ഓഫീസര്‍ രഞ്ജിത്ത് പി ഗോപി നന്ദിയും പറഞ്ഞു.