ഒ ജി ഡി എൻഡോസ്‌കോപ്പി സെന്റർ പ്രവർത്തനം തുടങ്ങി 13കാരന്റെ വയറ്റിൽനിന്നും പിൻ പുറത്തെടുത്തു


കോഴിക്കോട്:കോഴിക്കോട്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ഥാപിച്ച ഒജിഡി എൻഡോസ്‌കോപ്പി സെന്റർ 13കാരന്റെ ജീവൻ രക്ഷിച്ച്‌ പ്രവർത്തനം തുടങ്ങി. കുട്ടിയുടെ വയറ്റിൽ അകപ്പെട്ട പിൻ ഒ ജി ഡി സ്കോപ്പിയിലൂടെ പുറത്തെടുത്തു. പൈലേറിയസ്സിൽ തറച്ചുകിടക്കുകയായിരുന്ന പിന്നാണ് പുറത്തെടുത്തത്. ഒരാഴ്ച മുമ്പാണ് പിൻ വയറ്റിലകപ്പെട്ടത്. ശക്തമായ വയറുവേദനയെ തുടർന്ന്‌ കുട്ടിക്ക്‌ എക്സ്‌റെ എടുത്തപ്പോഴാണ്‌ പിൻ കണ്ടത്തിയത്‌. ഇതാണ് പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓപ്പറേഷൻ കൂടാതെ പുറത്തെടുത്തത്. ജനറൽ സർജറി വിഭാഗത്തിലെ ഡോ. ജയൻ, ഡോ. ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നൽകി.
മെഡി. കോളേജ്‌ പ്രിൻസിപ്പൽ ഡോ. വി ആർ രാജേന്ദ്രനാണ്‌ വെള്ളിയാഴ്‌ച ഒജിഡി സെന്റർ ഉദ്ഘാടനം ചെയ്‌തത്‌. ആമാശയത്തിലെയും അന്നനാളത്തിലെയും അർബുദം കണ്ടെത്താനുള്ള ടിഷ്യു ശേഖരിക്കാനും, ആന്തരിക ബ്ലീഡിങ്‌ നിയന്ത്രണ വിധേയമാക്കാനും, നാണയമോ, പിന്നോ പോലുള്ള വസ്തുക്കൾ വിഴുങ്ങിപ്പോയാൽ വീണ്ടെടുക്കുന്നതിനുമാണ് ഒജിഡി എൻഡോസ്‌കോപ്പി പ്രയോജനപ്പെടുക. ഓപ്പറേഷനില്ലാതെ തന്നെ ഇത്തരം കാര്യങ്ങൾ നിർവഹിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ മേന്മ.
38 ലക്ഷം രൂപ ചെലവിട്ടാണ്‌ പുതിയ സംവിധാനം സ്ഥാപിച്ചത്‌. സ്വകാര്യ സ്ഥാപനങ്ങളിൽ 20,000 രൂപവരെയാണ് ഇതുപയോഗിച്ചുള്ള ചികിത്സയ്‌ക്ക്‌ ഈടാക്കുന്നത്‌. ഉദ്‌ഘാടന ചടങ്ങിൽ സൂപ്രണ്ട് ഡോ. എം പി ശ്രീജയൻ, ഡോ. പി വി ഗോപി, ഡോ. കെ ജി സജീത്ത് കുമാർ, ഡോ. പി രാജൻ, ആർഎംഒ ഡോ. രഞ്ജിനി തുടങ്ങിയവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!