കുന്നംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 90 പവൻ സ്വർണം മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ

കുന്നംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 90 പവൻ സ്വർണം മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുന്നംകുളത്ത് രാജൻ – ദേവി ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്. 10 ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കണ്ണൂർ സ്വദേശിയായ ഇസ്മായിലിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. 

 30കാരനായ ഇയാൾ മുമ്പ് ആറ് കേസുകളിൽ പ്രതിയാണ്. ഡിസംബർ രണ്ടിനാണ് ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയത്. ഒറ്റയ്ക്ക് യാത്ര ചെയ്ത് ഒഴിഞ്ഞ വീടുകൾ നോക്കി കണ്ടെത്തി മോഷണം ചെയ്യുന്നതാണ്  രീതി. കുന്നംകുളത്ത് പുതുവത്സര ദിവസമായിരുന്നു മോഷണം.ശാസ്ത്രി നഗറില്‍ ദേവി – രാജൻ ദമ്പതികളുടെ വീട്ടില്‍ പട്ടാപ്പകല്‍ ആയിരുന്നു മോഷണം. രാജൻ വിദേശത്താണ്. സംഭവ ദിവസം ദേവി വീട്ടിലുണ്ടായിരുന്നില്ല. വീട്ടിലെത്തിയ പ്രതി കോളിങ് ബെൽ അടിച്ച് ഇവിടെ ആളുണ്ടോയെന്ന് നോക്കി. ആരും വാതിൽ തുറക്കാതെ വന്നതോടെ ആളില്ലെന്ന് ഉറപ്പിച്ചു.പിന്നീട് പുറകിലെ വാതിൽ കുത്തിപ്പൊളിച്ചാണ് ഇസ്മായിൽ വീടിന് അകത്ത് കടന്നത്. വീട്ടിൽ നിന്ന് ആകെ 95 പവൻ സ്വർണം നഷ്ടമായിരുന്നു. ഇതിൽ 80 പവൻ സ്വർണം കണ്ടെത്തി. കോഴിക്കോട്ടെ സ്വർണക്കടയിൽ നിന്ന് ഉരുക്കിയ സ്വർണമാണ് കണ്ടെത്തിയത്. 

മോഷണത്തിന് ശേഷം പ്രതി തന്റെ പാന്റ് വീട്ടിൽ ഉപേക്ഷിച്ച് ഇവിടെ നിന്ന് മറ്റൊരു പാന്റ് ധരിച്ച ശേഷം പിൻവശത്ത് കൂടി വയലിലേക്ക് ഇറങ്ങി കുന്നംകുളം ഭാഗത്തേക്ക് പോയി. അവിടെ നിന്ന് തൃശ്ശൂരിലേക്കും പിന്നീട് പത്തനംതിട്ടയിലേക്കും പോയി. കലഞ്ഞൂരെ കാമുകിയെ കാണാനാണ് പത്തനംതിട്ടയിലേക്ക് പോയത്. രണ്ട് ദിവസത്തിന് ശേഷം കോഴിക്കോടെത്തി. ഇവിടെ വെച്ച് സ്വർണം വിറ്റു.

കമ്മീഷണറുടെ സ്‌ക്വാഡും കുന്നംകുളം പൊലീസുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടിയ സന്തോഷത്തിൽ പൊലീസുകാർക്ക് നാട്ടുകാരും വീട്ടുകാരും മധുരം നൽകി.

Comments

COMMENTS

error: Content is protected !!