KERALA
കുറഞ്ഞ മരണനിരക്കും ഉയർന്ന രോഗമുക്തിയും സാധ്യമായത് ഇന്ദ്രജാലം കൊണ്ടല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം∙ കോവിഡ് ബാധയിൽ ലോകത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കും ഏറ്റവും ഉയർന്ന രോഗമുക്തിനിരക്കും കേരളത്തിലാണെന്നും ഇതു സാധ്യമായത് ഇന്ദ്രജാലം കൊണ്ടല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൂട്ടായ പ്രയത്നം കൊണ്ടാണ്.
അതുകൊണ്ടാണ് ലോകവ്യാപകമായി കേരളം അഭിനന്ദിക്കപ്പെടുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ സംസ്ഥാനത്തിനു നൽകിയ പ്രശംസ ജീവൻ പണയം വച്ച് ജോലി ചെയ്ത ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ അവകാശപ്പെട്ടതാണ്. ഏതു പ്രതിസന്ധിയും മറികടക്കാൻ കഴിയും എന്നു നമ്മൾ തെളിയിച്ചു. എന്നാൽ, നമുക്കു ശ്വാസം വിടാനുള്ള സമയമായിട്ടില്ല എന്നു തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വുഹാനിൽ നിന്നെത്തിയ വിദ്യാർഥിക്ക് രോഗം സ്ഥിരീകരിച്ചതു മുതൽ കേരളം മുൾമുനയിലായിരുന്നു. കാസർകോട്ട് ഒരാളിൽ നിന്നു മാത്രം 23 പേർക്ക് രോഗം പകർന്നു. അവർ വഴി 12 പേർക്കും രോഗം വന്നു. അപകടകരമായ സ്ഥിതിയായിരുന്നു. ആ ഘട്ടത്തിൽ നിന്നാണ് നമ്മൾ തിരിച്ചുവന്നത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1.75 ലക്ഷത്തിൽ നിന്ന് 46000 ആയി .
കോവിഡ് മരണനിരക്ക് രാജ്യാന്തരതലത്തിൽ 5.78 ശതമാനവും ഇന്ത്യയിൽ 2.83 ശതമാനവുമാണ്. കേരളത്തിൽ ഇത് 0.58 ശതമാനത്തിലൊതുക്കാൻ കഴിഞ്ഞു. ജനസംഖ്യാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ രോഗ പരിശോധനാസംവിധാനമുള്ള സംസ്ഥാനമാണ് കേരളം.
പകർച്ചവ്യാധി നിയമം ആദ്യം നടപ്പാക്കിയത് കേരളമാണ്. 38 കോവിഡ് സ്പെഷൽ ആശുപത്രികൾ ഒരുക്കി. സർക്കാരിനു കീഴിൽ 1296 ആശുപത്രികളിലായി 49702 കിടക്കകൾ സജ്ജമാക്കി. ഇവിടെ 1353 ഐസിയു കിടക്കകളും 800 വെന്റിലേറ്ററുകളുമുണ്ട്. 866 സ്വകാര്യ ആശുപത്രികളിലായി 81904 കിടക്കകളും 6059 ഐസിയു കിടക്കകളും 1578 വെന്റിലേറ്ററുകളുമുണ്ട്.
കാസർകോടിന്റെ അതിജീവനം മാതൃക
തിരുവനന്തപുരം∙ കാസർകോട് ജില്ലയുടെ കോവിഡ് അതിജീവനം മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2 മാസമായി അവർ കോവിഡിനെതിരെ പൊരുതുകയാണ്. രോഗം ബാധിച്ച 169 പേരിൽ 142 പേർ രോഗമുക്തരായി. ഇതുവലിയ നേട്ടമാണ്. ബുദ്ധിമുട്ടുകൾ സഹിച്ചും നാടിന്റെ നന്മയ്ക്കായി കാസർകോട്ടെ ജനങ്ങൾ സഹകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഈ അനുഭവത്തിൽ നിന്ന് ജാഗ്രത കൈവിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 56 പേർ ചികിൽസയിലുള്ള കണ്ണൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments