കുറ്റ്യാടിയില്‍ തീപിടുത്തം; മൂന്ന് കടകള്‍ കത്തിനശിച്ചു

കുറ്റ്യാടി: ടൗണില്‍ വന്‍ തീപിടുത്തം. നാദാപുരം റോഡില്‍ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ റോഡിലെ നാല് കടകള്‍ കത്തിനശിച്ചു.

ചന്ദനമഴ ഫാന്‍സി, സോപ്പുകട, ലൈവ് ഫൂട്ട് വെയര്‍, മാക്സി ഷോപ്പ് എന്നിവയാണ് ശനിയാഴ്ച സന്ധ്യയോടെയുണ്ടായ തീപിടുത്തത്തില്‍ കത്തിനശിച്ചത്. അടച്ചിട്ട ഫാന്‍സി കടയുടെ പിന്‍ഭാഗത്തുനിന്നാണ് ആദ്യം തീ ഉയര്‍ന്നതെന്നും പിന്നീട് കടക്കുള്ളിലേക്ക് വ്യാപിക്കുകയായിരുന്നു എന്നും പരിസരത്തെ കടയുടമകള്‍ പറഞ്ഞു.

ഇവിടെ നിന്ന് തീ പടര്‍ന്നാണ് ഇരുവശങ്ങളിലായുള്ള ചെരിപ്പ് കടക്കും സോപ്പുകടക്കും തീ പിടിച്ചത്. തകരഷീറ്റുകള്‍ കൊണ്ട് താല്‍ക്കാലിക ഷെഡില്‍ നിര്‍മിച്ചതാണ് ഫാന്‍സി കട. വിവിധ ഗൃഹോപകരണള്‍ എന്നിവയും വ്യാപാര വസ്തുക്കളും കത്തിചാ മ്പലായി. വേളം പെരുവയല്‍ സ്വദേശി സിദ്ദീഖിന്‍റേതാണ് കട. ലക്ഷങ്ങളുടെ നഷ്ടമുണ്ട്. സമീപത്തെ വാര്‍പ്പ് കെട്ടിടത്തിന്‍റെ കോണിക്കൂട്ടില്‍ പ്രവര്‍ത്തിച്ച സോപ്പുകടയും കത്തി നശിച്ചു.

ചെരിപ്പുകടയില്‍ നിന്ന് കുറെ വസ്തുക്കള്‍ മാറ്റാനായതിനാല്‍ വലിയ നാശ നഷ്ടങ്ങളില്ല. അടുക്കത്ത് കണ്ണങ്കോടന്‍ ബഷീറിന്‍റേതാണ് കട. മാക്സി ഷോപ്പും തകര ഷീറ്റിട്ട മേല്‍ക്കൂരയാണ്. ഇതിന്‍റെ സമീപത്തെ കെട്ടിടങ്ങളിലേക്കും കടകളിലേക്കും വ്യാപിച്ചെങ്കിലും അഗ്നി രക്ഷസേനയുടെയും രക്ഷാപ്രവര്‍ത്തകരുടെയും കഠിന പ്രയത്നത്താല്‍ ഒരു മണിക്കൂറിനകം തീ അണച്ചു. സോപ്പുകടയുടെ മേല്‍ ഭാഗത്ത് ഹൈ ഫാഷന്‍ തുണിക്കടയാണ്.

തീയുടെ ചൂടില്‍ ഗ്ലാസുകള്‍ പൊട്ടി വീണു. നാദാപുരത്തു നിന്നെത്തിയ രണ്ട് യൂനിറ്റാണ് തീ അണച്ചത്. പേരാമ്ബ്രയില്‍ നിന്ന് ഒരു യൂനിറ്റും എത്തി. സംഭവ സമയം ടൗണില്‍ വൈദ്യുതി വിതരണം നിര്‍ത്തിവെച്ചു. ഗതാഗതവും സ്തംഭിച്ചു. നാദാപുരം, കോഴിക്കോട്, വയനാട് റോഡുകളില്‍ കിലോമീറ്ററോളം ദൂരത്തില്‍ ഗതാഗതം നിലച്ചു. കുറ്റ്യാടി സി.ഐ ടി.പി. ഫര്‍ഷാദിന്‍റെ നേതൃത്വത്തില്‍ പൊലീസും നാട്ടുകാരും രക്ഷ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Comments

COMMENTS

error: Content is protected !!