CALICUTDISTRICT NEWS
കുറ്റ്യാടി കനാലിലൂടെ ജലവിതരണം തുടങ്ങി
പേരാമ്പ്ര :കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര പ്രധാന കനാലിലൂടെ ജലവിതരണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ 8.15ന് എക്സിക്യുട്ടീവ് എൻജിനിയര്‍ എം കെ മനോജ് ഡാമിന്റെ കനാലിലേക്കുള്ള ഷട്ടർ 15 സെന്റിമീറ്റർ ഉയർത്തി വെള്ളം തുറന്നുവിട്ടു. വടകര താലൂക്കിലേക്കുള്ള പ്രധാന കനാലാണ് തുറന്നത്.
കൊയിലാണ്ടി താലൂക്കിലേക്കും കക്കോടി ഭാഗത്തേക്കുമുള്ള ഇടതുകര പ്രധാന കനാൽ ശനിയാഴ്ച തുറക്കും. വടകര, കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളിലായി വലുതും ചെറുതുമായ 603 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് കുറ്റ്യാടി പദ്ധതിയുടെ കനാലുകൾ.
പെരുവണ്ണാമൂഴിയില്‍നിന്ന് തുടങ്ങുന്ന ഇടതുകര കനാലിന്റെ ദൈര്‍ഘ്യം 40.02 കിലോമീറ്ററും വടകര താലൂക്കിലേക്കുള്ള വലതുകര കനാലിന്റെ ദൂരം 34.27 കിലോമീറ്ററുമാണ്.
ചോര്‍ച്ചയുള്ള ഭാഗങ്ങൾ കെട്ടി സംരക്ഷിക്കുന്നതുൾപ്പെടെ 20 കോടി രൂപയുടെ നവീകരണ പ്രവൃത്തികളാണ് ഈ വർഷം പൂർത്തിയാക്കിയത്. പഞ്ചായത്തുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാലുകൾ സമയബന്ധിതമായി വൃത്തിയാക്കി.
പെരുവണ്ണാമൂഴി കൂവപ്പൊയിലിലും വളയംകണ്ടം പുല്ലത്തുമൂലയിലും തകർന്ന കനാലിന്റെ അണ്ടര്‍ ടണല്‍ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്ന പ്രവൃത്തിയും പൂർത്തീകരിച്ചശേഷമാണ് കനാൽ തുറന്നത്.
വടകര, പെരുവണ്ണാമൂഴി അസി. എക്സിക്യുട്ടീവ് എൻജിനിയർമാരായ സി എച്ച് ഹബി, യു കെ ഗിരീഷ്‌കുമാർ, അസി. എൻജിനിയർമാരായ കെ ഫൈസൽ, ഗിരീഷ് എന്നിവരും ജീവനക്കാരും കനാലിന്റെ ഷട്ടർ ഉയർത്താനെത്തി.
Comments