കേര കർഷകരെ ഭീതിയിലാഴ്‌ത്തി ബാലുശേരിയിലും പനങ്ങാട്ടും തെങ്ങിന്‌ അജ്ഞാതരോഗം

ബാലുശേരി :കേര കർഷകരെ ഭീതിയിലാഴ്‌ത്തി ബാലുശേരി, പനങ്ങാട് പഞ്ചായത്തുകളിൽ തെങ്ങുകളിൽ അജ്ഞാത രോഗം പടരുന്നു. പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളായ മഞ്ഞപ്പാലം, കാട്ടാംവള്ളി എന്നിവിടങ്ങളിലാണ് വ്യാപകമായി രോഗബാധ കണ്ടെത്തിയത്. തെങ്ങിന്റെ ഓല പൊടുന്നനെ നശിച്ച് മടൽ മാത്രമാവുന്നതാണ്‌ ആദ്യ രോഗലക്ഷണം. ദിവസങ്ങൾ പിന്നിടുമ്പോഴേക്ക്‌  കൂമ്പും നശിച്ചുപോവും. തെങ്ങിന്റെ തൊലിക്ക്‌ നിറവിത്യാസം വന്ന്‌ മഞ്ഞളിപ്പ് പടരുന്നതോടെ തെങ്ങ് പൂർണമായി നശിക്കുന്നു. കായ്‌ച്ചുതുടങ്ങിയ തെങ്ങുകൾ ഉൾപ്പെടെ നശിക്കുന്നത് കർഷകരിൽ ആശങ്കപടർത്തിയിരിക്കയാണ്‌. 
രോഗബാധയുണ്ടായ നാല്പതോളം തെങ്ങുകൾ കർഷകനായ സദാനന്ദൻ കരുവള്ളിക്കോത്ത് മുറിച്ചുമാറ്റി. നാളികേരത്തിന്റെ വിലത്തകർച്ചക്കിടെ എത്തിയ  രോഗബാധ കർഷകർക്ക്‌ ഇരട്ടപ്രഹരമായി.  
പുനത്തിൽ ചന്തുക്കുട്ടി, തെക്കെകണ്ടിയിൽ ശ്രീകുമാർ, പഴകുന്നത്ത് പീതാംബരൻ, എടോപ്ര രാമചന്ദ്രൻ കിടാവ്, വളപ്പിൽ ദിനേശൻ തുടങ്ങി അമ്പതോളം കർഷകരുടെ തെങ്ങുകൾ  നശിച്ചു.   
 രോഗം സംബന്ധിച്ച് പഠിക്കാൻ കൃഷിവകുപ്പ് നടപടി ആരംഭിച്ചു. കാസകോട് സിപിസിആർഐയെ അറിയിച്ചിട്ടുണ്ട്. ചെന്നീരൊലിപ്പ്, തഞ്ചാവൂർ വാട്ടം, കാറ്റുവീഴ്ച എന്നീ രോഗങ്ങളിൽ ഏതെങ്കിലുമാകാനുള്ള സാധ്യതയാണ്‌  കൃഷി വകുപ്പുദ്യോഗസ്ഥർ നിരീക്ഷിക്കുന്നത്‌. കാര്യക്ഷമമായ പരിഹാര നടപടിയുണ്ടാവുന്നില്ലെന്ന്‌ കർഷകർ പരാതിപ്പെടുന്നു. വർഷങ്ങൾക്കുമുമ്പ്‌ പ്രത്യക്ഷപ്പെട്ട മണ്ഡരിരോഗം തെങ്ങിന്റെ ഉൽപ്പാദനക്ഷമതയെ ബാധിച്ചിരുന്നു. തെങ്ങുകളുടെ പ്രതിരോധശേഷിയെ മണ്ഡരിബാധ തളർത്തി. 
Comments
error: Content is protected !!