കുറ്റ്യാടി ജലസേചന പദ്ധതി കനാല്‍ ശുചീകരണം ആരംഭിച്ചില്ല. കുടിവെള്ളക്ഷാമം ഭയന്ന് നാട്ടുകാർ
പെരുവണ്ണാമൂഴി ഡാമിലെ ജലം ഉപയോഗിച്ചുള്ള കുറ്റ്യാടി ജലസേചന പദ്ധതി കനാലിന്റെ ശുചീകരണം വൈകുന്നതു കനാൽ തുറക്കുന്നതു നീളാൻ ഇടയാക്കുമെന്ന് ആശങ്ക. ഇത്തവണ തൊഴിലുറപ്പു പദ്ധതിയിൽ കനാൽ വൃത്തിയാക്കുന്ന പ്രവൃത്തി ചെയ്യേണ്ടതില്ലെന്നാണ് ആദ്യം അധികൃതർ നിർദേശിച്ചത്.
കുറച്ചുകാലമായി തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് കനാലുകളിലെ കാടുകൾ വെട്ടുകയും മഴക്കാലത്ത് ഒലിച്ചെത്തിയ മണ്ണ് മാറ്റുകയും ചെയ്യുന്നത്. എന്നാൽ ആവർത്തനസ്വഭാവമുള്ള ജോലികൾ ചെയ്യാൻ പാടില്ലെന്ന നിബന്ധനയുള്ളതിനാൽ കനാൽശുചീകരണ ജോലികൾ ഇത്തവണ തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് ഒഴിവാക്കുകയായിരുന്നു.
പ്രശ്നം പരിഹരിക്കാനായി അനുയോജ്യമായ തൊഴിലുകൾ ചെയ്യാമെന്ന് കളക്ടർ ഈ മാസം ആദ്യം നിർദേശം നൽകിയെങ്കിലും അതനുസരിച്ച് ജോലികളൊന്നും നടന്നിട്ടില്ല. തൊഴിലുറപ്പിൽ ചെയ്യുന്ന പ്രവൃത്തികളുടെ ഫോട്ടോകൾ അടക്കം ഇപ്പോൾ ഓൺലൈനിൽ അപ് ലോഡ് ചെയ്യുന്നുമുണ്ട്. ജലസേചന വിഭാഗത്തിന് കീഴിലുള്ള പരിമിതമായ സി.എൽ.ആർ. ജീവനക്കാരെ ഉപയോഗിച്ച് കനാൽശുചീകരണ ജോലികൾ ചെയ്യേണ്ട സ്ഥിതിയാണിപ്പോൾ.
കനാലിലേക്ക് ജലം തുറന്നു വിടുന്ന മേഖലയിലെ പണി അടിയന്തരമായി പൂർത്തീകരിക്കാൻ അധികൃതർ നിർദേശം നൽകി. ഈ മാസം 20ന് മുൻപു പ്രവൃത്തി കഴിയുമെന്നാണു പ്രതീക്ഷ.പെരുവണ്ണാമൂഴിയിലെ മെയിൻ, ഇടതുകര കനാലുകൾ അടിയന്തരമായി ശുചീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്. കനാൽ വൃത്തിയാക്കുന്നതു വൈകിയാൽ ജലമൊഴുക്കിനു തടസ്സമാകും. പേരാമ്പ്ര ബ്ലോക്കിന്റെ കീഴിലുള്ള പഞ്ചായത്ത് പരിധിയിൽ കനാൽ ശുചീകരണം വൈകുകയാണ്. ജില്ലയുടെ വിവിധ മേഖലകളിൽ ജലസേചനത്തിനൊപ്പം കുടിവെള്ളത്തിനുമുള്ള സ്രോതസ്സ് കൂടിയാണ് കുറ്റ്യാടി ജലസേചന പദ്ധതി കനാൽ.