LOCAL NEWS

കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

കക്കയം ഡാമിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ജില്ലയിൽ ഓറഞ്ച് അലേർട്ട് നിലവിലുള്ളതിനാലും കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 755.50 മീറ്ററിൽ എത്തിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കരുതൽ നടപടികൾ സ്വീകരിക്കണമെന്നും കലക്ടർ നിർദേശിച്ചു.

റിസർവോയറിലെ ജലനിരപ്പ് ഓറഞ്ച് അലേർട്ട് ലെവലിലേക്ക് ഉയരുന്ന സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് ആവശ്യമായ അളവിൽ വെള്ളം പുറത്ത് വിടാൻ കെ.എസ്.ഇ.ബി സേഫ്റ്റി ഡിവിഷൻ വയനാട് എക്സിക്യൂട്ടിവ് എൻജിനീയർക്ക് അനുമതി നൽകിയിട്ടുണ്ട്. ഡാം സുരക്ഷയെ മുൻനിർത്തി ഇന്നുണ്ടായേക്കാവുന്ന അടിയന്തിര സാഹചര്യം നേരിടുന്നതിനാണിത്. സെക്കന്റിൽ 100 ക്യുബിക് മീറ്റർ വരെ ജലം തുറന്നുവിടാനാണ് അനുമതി നൽകിയിട്ടുള്ളത്.

തിരുവളളൂർ, വില്യാപ്പളളി, ആയഞ്ചേരി, നാദാപുരം, കൂത്താളി, പേരാമ്പ്ര, ബാലുശ്ശേരി, പനങ്ങാട്, കൂരാച്ചുണ്ട്, കുന്നുമ്മൽ, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, മരുതോങ്കര, വേളം, ചങ്ങരോത്ത്, ചക്കിട്ടപ്പാറ എന്നീ 17 പഞ്ചായത്തുകളെ/ വില്ലേജുകളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണം. പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്ക്ക് ആവശ്യമായ ജാഗ്രതാ നിർദേശം നൽകാൻ കൊയിലാണ്ടി, വടകര തഹസിൽദാർമാർക്കും ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർക്കും നിർദേശം നൽകിയതായി കലക്ടർ അറിയിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button