കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിനെ കോടതിയിൽ ഹാജരാക്കി

കൂടത്തായി റോയ് വധക്കേസില്‍ പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. പൊന്നാമറ്റം റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ജോളി ജോസഫ്, കൂട്ടുപ്രതികളായ എം എസ് മാത്യു, പ്രിജുകുമാര്‍, മനോജ് എന്നിവരെയാണ് കോഴിക്കോട് പ്രത്യേക കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചത്. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നിവയാണ് ജോളിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റകൃത്യങ്ങൾ. 

അതേസമയം ഗൂഢാലോചന, പ്രേരണാക്കുറ്റം എന്നിവയാണ് എം എസ് മാത്യു, പ്രജികുമാർ എന്നിവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പൊന്നാമറ്റം കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്ത് തയാറാക്കാൻ സഹായിച്ചതാണ് നാലം പ്രതി മനോജിനെതിരായ കുറ്റം.

കുറ്റപത്രം വായിച്ചു കേൾപ്പിച്ചപ്പോഴും കുസലല്യേനയായിരുന്നു ജോളിയുടെ പെരുമാറ്റം. നിസംഗ ഭാവത്തിലാണ് ജോളി കുറ്റപത്രം വായന കേട്ടു നിന്നത്. ഇതിനിടെ കോടതിക്ക് പുറത്ത് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങളോട് ജോളി തട്ടിക്കയറി. എൻ്റെ ഫോട്ടോയും വീഡിയോയും എടുക്കരുതെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് ജോളി മാധ്യമങ്ങളെ നേരിട്ടത്. കേസ് ജനുവരി 19ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. 

Comments

COMMENTS

error: Content is protected !!