കൂടത്തായി കൊലപാതകപരമ്പര: റോയ് വധക്കേസിൽ കുറ്റപത്രം ഇന്നുസമർപ്പിക്കും

താമരശ്ശേരി: നാടിനെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയിൽ ആദ്യം രജിസ്റ്റർ ചെയ്ത റോയ് തോമസ് വധക്കേസിൽ കുറ്റപത്രം ബുധനാഴ്ച രാവിലെ താമരശ്ശേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. കോഴിക്കോട് റൂറൽ എസ്.പി. കെ.ജി. സൈമണിന്റെ മേൽനോട്ടത്തിൽ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആർ. ഹരിദാസന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കുറ്റപത്രം സമയബന്ധിതമായി തയ്യാറാക്കിയത്.

 

കുറ്റപത്രത്തോടൊപ്പം മുന്നൂറോളം രേഖകൾ, സയനൈഡ് സൂക്ഷിച്ച കുപ്പി ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ, റോയ് തോമസിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ടോം തോമസിന്റെ സ്വത്ത് കൈക്കലാക്കാൻ ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്ത്, ജോളിയുടെ വ്യാജസർട്ടിഫിക്കറ്റുകൾ, വ്യാജ ഐഡന്റിറ്റി കാർഡ് എന്നിവയെല്ലാം അന്വേഷണസംഘം കോടതിയിൽ തെളിവായി ഹാജരാക്കും.

 

റോയ് തോമസിന് ഭക്ഷണത്തിൽ സയനൈഡ് കലർത്തിനൽകി കൊലപ്പെടുത്തിയ ഭാര്യ ജോളിയമ്മ എന്ന ജോളി (47) മുഖ്യപ്രതിയായ കേസിൽ ജോളിക്ക് സയനൈഡ് എത്തിച്ചുനൽകിയ ജൂവലറി ജീവനക്കാരൻ കക്കാട് കക്കവയൽ മഞ്ചാടിയിൽ എം.എസ്. മാത്യു (44), മാത്യുവിന് സയനൈഡ് നൽകിയ സ്വർണപ്പണിക്കാരൻ താമരശ്ശേരി തച്ചംപൊയിലിൽ മുള്ളമ്പലത്തിൽ പ്രജികുമാർ (48), വ്യാജ ഒസ്യത്തുണ്ടാക്കാൻ ജോളിയെ സഹായിച്ച സി.പി.എം. മുൻ കട്ടാങ്ങൽ ലോക്കൽ സെക്രട്ടറി കെ. മനോജ് എന്നിവരാണ് യഥാക്രമം രണ്ടുമുതൽ നാലുവരെ പ്രതികൾ. ഇരുന്നൂറോളം സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്.

 

ഇക്കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് റോയ് തോമസ് വധക്കേസിൽ ഭാര്യ ജോളിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. റോയ് തോമസ് സയനൈഡ് ഉള്ളിൽചെന്നാണ് മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽനിന്ന് വ്യക്തമായിരുന്നു. ആറു ദുർമരണങ്ങളിൽ റോയ് തോമസിന്റെ കേസിൽ മാത്രമാണ് മൃതദേഹപരിശോധന നടന്നത്.

 

Comments

COMMENTS

error: Content is protected !!