കൂട്ടബലാത്സംഗ കേസില് അറസ്റ്റിലായ സി ഐ മറ്റൊരു ബലാത്സംഗ കേസിലെയും പ്രതി
തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ അറസ്റ്റിലായ സി ഐയായ പി ആർ സുനു മറ്റൊരു ബലാത്സംഗ കേസിലെയും പ്രതിയാണെന്ന് കണ്ടെത്തി. ഇതിനു മുമ്പ് എറണാകുളം മുളവുകാട് എസ്ഐ ആയിരിക്കെ ബിടെക് ബിരുദധാരിയെ പീഡിപ്പിച്ച പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ റിമാൻഡിലായി വകുപ്പു തല നടപടി കഴിയുന്നതിന് മുമ്പാണ് സമാന കുറ്റകൃത്യത്തിൽ വീണ്ടും പ്രതിയാകുന്നത്.
2021 ഫെബ്രുവരിയിൽ മുളവുകാട് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരിക്കെ ബിടെക് ബിരുദധാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ സുനു പിടിയിലായിരുന്നു. സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവതിയുമായി അടുപ്പം സ്ഥാപിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി ജാമ്യം തള്ളിയതോടെ സുനു അറസ്റ്റിലായി.റിമാൻഡിലായ സുനുവിനെതിരെ പിന്നീട് വകുപ്പു തല നടപടി ഉണ്ടായിരുന്നു. മരട് സ്വദേശിയായ സുനു രണ്ട് കുട്ടികളുടെ അച്ഛൻ കൂടിയാണ്. കൊച്ചി മുളവുകാട് അടക്കം നേരത്തെയും സമാനപരാതി ഉദ്യോഗസ്ഥനെതിരെ ഉണ്ടായിട്ടുണ്ട്. പുതിയ കേസിന്റെ പശ്ചത്തലത്തിൽ സുനുവിനെതിരെ ഉടൻ വകുപ്പ് തല നടപടിയുണ്ടാകും.
തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പി ആർ സുനു അറസ്റ്റിലായത്. ഇൻസ്പെക്ടർ സുനു ഉൾപ്പെടുന്ന സംഘം തൃക്കാക്കരയിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. ഈ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് തൃക്കാക്കര പൊലീസ് കോഴിക്കോടെത്തി സുനുവിനെ കസ്റ്റഡിയിലെടുത്തത്.