‘വേണ്ടത്’ കിട്ടിയില്ല; കുമാറിന്റെ ദേഹത്ത് കസേര ഇട്ടിരുന്ന് പൊലീസ് ഡ്രൈവർ

തൊടുപുഴ ∙ പറഞ്ഞത് മാറ്റിപ്പറഞ്ഞും നിഷേധിച്ചും ചോദ്യങ്ങളെ പ്രതിരോധിച്ചും എഎസ്ഐ സി.ബി.റെജിമോനും ഡ്രൈവർ നിയാസും പയറ്റിയ തന്ത്രങ്ങൾ ക്രൈംബ്രാഞ്ച് ഒന്നൊന്നായി പൊളിച്ചടുക്കി. തെളിവുകളെല്ലാം എതിരാണെന്നു കണ്ടതോടെ ഒടുവിൽ കുറ്റസമ്മതം.

കസ്റ്റഡിമരണക്കേസിൽ ഇന്നലെ അറസ്റ്റിലായ റെജിമോനും നിയാസും 8 മണിക്കൂറാണു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ  ചോദ്യങ്ങളെ പ്രതിരോധിച്ചത്. കേസിൽ നേരത്തേ അറസ്റ്റിലായ എസ്ഐ കെ.എ. സാബുവും ഡ്രൈവർ സജീവ് ആന്റണിയും 2 മണിക്കൂറിനുള്ളിൽ കുറ്റം സമ്മതിച്ചെങ്കിലും റെജിയും നിയാസും ചോദ്യങ്ങൾക്കു മുന്നിൽ പിടിച്ചു നിന്നു.

 

കസ്റ്റഡിയിലെടുത്ത കുമാറിനെ (രാജ് കുമാർ) മർദിച്ചവശനാക്കിയത് റെജിയും നിയാസുമാണെന്നു എസ്ഐ സാബുവും സജീവും ക്രൈംബ്രാഞ്ചിനു നേരത്തേ മൊഴി നൽകിയിരുന്നു. ഇതിനെ ആസ്പദമാക്കി ചോദ്യങ്ങളുയർന്നപ്പോൾ ഇരുവരും  നിഷേധിക്കുകയാണുണ്ടായത്.

∙ ഹരിത ഫിനാൻസ് തട്ടിപ്പിലൂടെ കുമാർ സമാഹരിച്ച പണം എവിടെയെന്നു നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പല തവണ ചോദിച്ചെങ്കിലും കുമാർ മിണ്ടിയില്ലെന്നും, ഇതേ തുടർന്നാണു ക്രൂര മർദനം ആരംഭിച്ചതെന്നും ക്രൈംബ്രാഞ്ച്. കഴിഞ്ഞ മാസം 12 ന് രാത്രിയിൽ അടിയും ഇടിയും തുടങ്ങി.
മുട്ടിനു താഴെ അടിച്ചാണ് ആദ്യം സത്യം പറയിപ്പിക്കാൻ ശ്രമിച്ചത്. ചൂരൽ ഉപയോഗിച്ച് കാൽവെള്ളയിൽ പലതവണ അടിച്ചു. കുമാർ സംസാരിക്കാതെ വന്നതോടെ 13, 14 തീയതികളിൽ 3 കുപ്പി മുളകുസ്പ്രേ കുമാറിന്റെ ശരീരത്തിലെ രഹസ്യ ഭാഗങ്ങളിൽ അടിച്ചു.
നിയാസാണ് സ്പ്രേ എത്തിച്ചത്. ശേഷം കാന്താരി അരച്ചു പുരട്ടി. പൊലീസ് സ്റ്റേഷനിലെ ശുചിമുറിക്കു സമീപത്തെ മുറിയിൽ നിന്നു കാന്താരി മുളകും ചെറിയ അരകല്ലും ക്രൈംബ്രാഞ്ച് ഇന്നലെ കണ്ടെത്തി.
ഇവിടെയാണു കാന്താരി മുളക് അരച്ചതെന്നും ഇതിനു ശേഷം സ്റ്റേഷന്റെ 1ാം നിലയിലെ വിശ്രമമുറിയിൽ കൊണ്ടു പോയി കുമാറിന്റെ ശരീരത്തിൽ തേച്ചതെന്നും തെളിവെടുപ്പിനിടെ നിയാസ് ക്രൈംബ്രാഞ്ചിനോടു പറഞ്ഞു.
∙ ക്രൂരമായി മർദിച്ചിട്ടും സത്യം പറയാതെ വന്നതോടെ കസേര എ‌ടുത്ത് കുമാറിന്റെ ശരീരത്തിനു മുകളിൽ ഇട്ട് നിയാസ് ഇരുന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞു. 12,13,14 തീയതികളിൽ കുമാറിനെ വിശ്രമ മുറിയിലെ തറയിൽ കിടത്തിയാണ് മർദിച്ചത്.
Comments

COMMENTS

error: Content is protected !!