LOCAL NEWS

കൂന്നൂര് സ്‌കൂളിലെ ജനകീയ സ്മാര്‍ട്ട് ക്ലാസ്സുകള്‍ കേരളം മാതൃകയാക്കണം. – രമേശ് കാവില്‍

സ്‌കുളുകളില്‍ കോവിഡാനന്തരം രൂപപ്പെട്ട പഠനവിടവ് മറികടക്കാന്‍ കൂന്നൂര് സ്‌കൂള്‍ അവതരിപ്പിച്ച പുതിയ പദ്ധതിയായ സ്മാര്‍ട്ട് സ്‌കൂള്‍ നാടിന് മാതൃകയാകേണ്ട ഒന്നാണെന്ന് അധ്യാപകനും എഴുത്തുകാരനുമായ രമേശ് കാവില്‍ അഭിപ്രായപ്പെട്ടു. സ്‌കൂള്‍ പരിധിയിലെ 6 പ്രദേശങ്ങളില്‍ പൊതുപ്രവര്‍ത്തകരുടെയും റിട്ടയേഡ് അധ്യാപകരുടെയും അധ്യാപക പരിശീലനം പൂര്‍ത്തീകരിച്ചവരുടെയും പിന്തുണയോടെ നടപ്പിലാക്കിയ രാത്രികാല അയല്‍പക്ക പഠനപദ്ധതിയാണ് സ്മാര്‍ട്ട് സ്‌കൂള്‍.
മലയാളം എഴുതാനും വായിക്കാനും പ്രയാസമുണ്ടായിരുന്ന 77 കുട്ടികളുടെ പ്രശ്‌നങ്ങള്‍ സ്മാര്‍ട്ട് കേന്ദ്രങ്ങളില്‍ നടത്തിയ 30 ദിവസം നീളുന്ന പഠനപരിപാടിയിലൂടെ പരിഹരിക്കാന്‍ സാധിച്ചു. നിലവിലുണ്ടായിരുന്ന മലയാളത്തിളക്കം പദ്ധതി ജനകീയമായി അവതരിപ്പിച്ച് വിജയിപ്പിക്കുന്നതില്‍ കൂന്നൂര് സ്‌കൂളിലെ സ്മാര്‍ട്ട് കോര്‍ഡിനേറ്റര്‍മാര്‍ക്ക് കഴിഞ്ഞു. മദ്രസ്സ, കലാസമിതികള്‍, കയര്‍സൊസൈറ്റി, വ്യാപാരവ്യവസായി ഓഫീസ്, വീടുകള്‍ എന്നിവ പഠനകേന്ദ്രങ്ങളാക്കിയ പദ്ധതിയില്‍ രാത്രികാലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം എത്തുകയായിരുന്നു ഓരോ കേന്ദ്രങ്ങളിലും എല്ലാ ദിവസവും ലഘുഭക്ഷണം ഉള്‍പ്പെടെ ഒരുക്കുവാന്‍ പൊതുപ്രവര്‍ത്തകരുടെ കൂട്ടായ്മയും സജീവമായി രംഗത്തുണ്ടായിരുന്നു. പഠനയാത്ര, പരിസരപഠനം, മോട്ടിവേഷന്‍ ക്ലാസ്സുകള്‍ എന്നിവയും സ്മാര്‍ട്ട് പ്രൊജക്ടില്‍ ഉള്‍പ്പെട്ടിരുന്നു.


സ്മാര്‍ട്ട് പദ്ധതിയുടെ സമാപനോത്സവം കൂന്നൂര് സ്‌കൂളില്‍ രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥിയായി. സ്വാഗതസംഘം ചെയര്‍മാന്‍ ടി.കെ.ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ സതീശന്‍ കെ സ്വാഗതവും സ്മാര്‍ട്ട് കോര്‍ഡിനേറ്റര്‍ ഷാജി കുട്ടോത്ത് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ കെ.ബീന ടീച്ചര്‍, വാര്‍ഡ് മെമ്പര്‍മാരായ ഗീത പുളിയാറയില്‍, രേഖ കടവത്ത്കണ്ടി, സുജാത നമ്പൂതിരി, പ്രേമചന്ദ്രന്‍ മാസ്റ്റര്‍, എസ്.എം.സി. ചെയര്‍മാന്‍ ഷൈജു ആനവാതില്‍, പിടിഎ പ്രസിഡണ്ട് ബിജു ഐശ്വര്യ., എം.പി.ടി.എ പ്രസിഡണ്ട് ബബിത എിവര്‍ ആശംസ പ്രസംഗം നടത്തി. സ്മാര്‍ട്ട് സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ കെ.സജീവന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.
ഷാജല്‍ ബാലുശ്ശേരി ‘സമര്‍ത്ഥനായ രക്ഷിതാവിന്റെ മിടുക്കനായ കുട്ടി’ എന്ന വിഷയത്തില്‍ മോട്ടിവേഷന്‍ ക്ലാസ്സ് എടുത്തു. കുട്ടികളുടെ പഠനകാര്യങ്ങളില്‍ മാത്രമല്ല, സ്വാഭാവത്തില്‍ വരെ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സ്മാര്‍ട്ട് ക്ലാസ്സ് പഠനത്തിലൂടെ കഴിഞ്ഞു എന്ന് രക്ഷിതാക്കള്‍ ചടങ്ങില്‍ തങ്ങളുടെ അനുഭവവിവരണം നടത്തി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button