AGRICULTURE
കൃഷിയറിവ് പകരുമ്പോൾ വിളയുന്നു സന്തോഷം

നാദാപുരം
മണ്ണിലൊരു നാമ്പ് നീളുമ്പോൾ ഈ കർഷകസ്‌ത്രീ യുടെ മനസ്സിൽ പച്ചപ്പ് നിറയും. കാർഷിക അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോൾ സന്തോഷം കതിരണിയും. വെള്ളൂരിലെ വടക്കയില്‍ ശാന്തയുടെ കാർഷികാനുഭവമാണിത്. സ്‌കൂളുകൾ, കോളേജുകൾ, കർഷകക്കൂട്ടങ്ങൾ എന്നിവിടങ്ങളിലെല്ലാം ജൈവ കൃജിയുടെ നല്ല പാഠം പറയാൻ ശാന്തയുണ്ട്. ആറാം വയസിൽ ഇറങ്ങിയതാണ് കൃഷിയിടത്തിലേക്ക്. വളപ്രയോഗത്തിനിടെ പൊള്ളലേറ്റതിനാൽ അന്ന് പടികടത്തിയതാണ് രാസവളത്തെ. ഏക്കര്‍ കണക്കിന് ഭൂമിയില്‍ തനിച്ച് നെല്‍ കൃഷി ചെയ്ത് വിസ്‌മയിപ്പിക്കയാണ് ശാന്ത. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഈ കർഷകസ്‌ത്രീ 42 വർഷമായി സജീവമായി കൃഷിയിടത്തിലുണ്ട്.
പാടത്ത് നെല്ലിന് പുറമെ എള്ള്, ചെറുപയറും കൃഷി ചെയ്യുന്നുണ്ട്. സ്വന്തം പറമ്പില്‍ മരച്ചീനി, ചേമ്പ്, ചേന, തക്കാളി, പച്ചമുളക്, വാഴ, പടവലം, ചോളം, വെണ്ട, പയര്‍ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. സ്വന്തമായുള്ള മൂന്നര ഏക്കറിലും, മറ്റുള്ളവരുടെ തരിശായി കിടക്കുന്ന നാലേക്കറോളം സ്ഥലത്തും കൃഷിചെയ്യുന്നുണ്ട്. തരിശായി കിടക്കുന്ന സ്ഥലത്ത് കൃഷിഭവന്റെ സഹായത്തോടെ കൃഷി ചെയ്യുമ്പോള്‍ സബ്‌സിഡിയും വിളയുടെ ഒരു പങ്കും അവര്‍ക്ക് തന്നെ കൊടുക്കുകയാണ് പതിവ്. വെള്ളൂരിലെ വയലോരം പാടശേഖര സമിതി സെക്രട്ടറിയാണിവർ. പശു വളര്‍ത്തലിലും ഒരു കൈ നോക്കുന്നുണ്ട്. പഞ്ചായത്തിന്റെയും, കൃഷി വകുപ്പിന്റെയും സഹായത്തോടെയുള്ള വിഷു പച്ചക്കറി കൃഷിയുടെ തിരക്കിലാണിപ്പോൾ. കൃഷിയിൽ നിന്ന് ലഭിക്കുന്നതാണ് കുടുംബ വരുമാനം.
കൃഷിയിലെ പുതിയ രീതിയെക്കുറിച്ച് എവിടെ പരിശീലനമുണ്ടെങ്കിലും കൃഷി അധികൃതര്‍ പരിശീലനത്തിന് അയക്കുന്നത് ശാന്തയെയാണ്. പരമ്പരാഗത രീതിയില്‍ തന്നെയാണ് കൃഷി ചെയ്യുന്നത്. ഭർത്താവ് കുമാരനും മരുമകൾ സുവർണയും ശാന്തയുടെ കൃഷിക്ക് പിന്തുണയുമായുണ്ട്.
Comments