ചുവന്ന റിബണുമായ് മരണം വിധിക്കപ്പെട്ട 34 ആടുകൾ ആരോഗ്യത്തോടെ കാത്തിരിക്കുന്നു

മരണം വിധിക്കപ്പെട്ട 34 ആടുകൾ ജീവിക്കാനുളള തങ്ങളുടെ ആരോഗ്യ ശേഷി തെളിയിച്ചു. ഇനിയും കൊല്ലണോ വളർത്തണോ എന്ന അന്തിമ തീരുമാനത്തിൽ അധികൃതർ എത്തിച്ചേർന്നില്ല എങ്കിലും കഴുത്തിൽ മരണത്തിൻ്റെ ചുവന്ന റിബണുമായ് ക്വാറൻ്റീനിൽ അവയുടെ ജീവൻ നിലനിർത്തിയിരിക്കയാണ്.

കൊമ്മേരിയിലെ ജില്ലാ പഞ്ചായത്തിന്റെ ഫാമിലെ 34 ആടുകളെ കൊന്നു കളയാന്‍ മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ജൂലയ് 14 ന് നിർദ്ദേശിച്ചിരുന്നതാണ്. ഈ ആടുകളില്‍ മാരകമായ ജോണീസ് ഡിസീസ് ബാധിച്ചതിനെത്തുടര്‍ന്നാണിത്. ആകെ 80 ആടുകളാണ് ഫാമില്‍. ഇതില്‍ ഒരു മുട്ടനാടിനും 33 പെണ്ണാടിനുമാണ് രോഗം വന്നത്. കഴുത്തില്‍ ചുവന്ന റിബണ്‍ കെട്ടി ഇവയെ മാറ്റിപ്പാര്‍പ്പിച്ചു.

ജില്ലാ രോഗനിയന്ത്രണ ഓഫീസര്‍ ജൂണിൽ ആടുകളുടെ രക്തം പരിശോധിച്ചപ്പോഴാണ് മാരക രോഗം കണ്ടെത്തിയത്. ചികിത്സയില്ലാത്തതിനാൽ കൊന്നുകളയുക എന്നതാണ് മറ്റ് ആടുകളെ രക്ഷിക്കാനുള്ള ഏക മാർഗ്ഗം. ആയതിനാൽ  രോഗം ഉറപ്പാക്കാൻ വീണ്ടും പരിശോധിച്ചു. അതിലും സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് കൊല്ലാന്‍ നിര്‍ദേശിച്ചത്.

എന്നാല്‍ ഇവയെ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന് ജില്ലാപഞ്ചായത്ത് യോഗം മൃഗസംരക്ഷണ വകുപ്പിനോട് അഭ്യര്‍ഥിച്ചു.  സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനും മന്ത്രിക്കും നിവേദനം നൽകി. കെ.കെ ശൈലജ ടീച്ചറും ആടുകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തി. തുടർന്ന് മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി വിളിച്ചുചേർത്ത യോഗത്തിൽ ആടുകളെ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംരക്ഷിക്കാൻ തീരുമാനിക്കയായിരുന്നു.

കൊമ്മേരിയിലെ 34 ആടുകൾക്കും പിന്നീട് പാറശ്ശാലയിലെ 14 ആടുകൾക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ആടുകളെ ചികിത്സിക്കുന്നതിന് ക്വാറൻറീൻ സെൻറർ ഒരുക്കാമെന്ന് പി.പി.ദിവ്യ ഉറപ്പുനൽകി. ഇതിനെല്ലാം തുടർച്ചയായാണ് ആടുകൾക്ക് ക്വാറൻ്റീൻ കേന്ദ്രം ഒരുക്കി സംരക്ഷിച്ചത്. ഇപ്പോൾ കൊമ്മേരിയിലെ രോഗം ബാധിച്ച ആടുകളെ സംരക്ഷിക്കാൻ പറശ്ശിനിക്കടവ് പാമ്പുവളർത്തുകേന്ദ്രം മുന്നോട്ടുവന്നിട്ടുണ്ട്.

ജോണീസ് രോഗത്തിൻ്റെ പ്രത്യേകത അത് പ്രത്യക്ഷ ലക്ഷണങ്ങൾ അവസാനത്തിലേ കാണിക്കൂ എന്നതാണ്. വയറിളക്കം വന്ന് ആടുകൾ പകർച്ച വ്യാധിയിൽ കൂട്ടത്തോടെ ചാവും. ഇതിനെതിരെ ആധുനിക വാക്സിനുകൾ വികസിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവയുടെ ലഭ്യത സാധാരണമായിട്ടില്ല.

ആടുകളെ സംരക്ഷണ കേന്ദ്രത്തിലാക്കിയതോടെ ഒന്നു പോലും രോഗ ബാധയാൽ ചത്തിട്ടില്ല. ഇപ്പോൾ ആരോഗ്യം മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്.

എന്താണീ രോഗം

ജോണീസ് ഡിസീസ്ആട്, ചെമ്മരിയാട്, പശു, എരുമ തുടങ്ങിയ മൃഗങ്ങളെ ബാധിക്കുന്ന ഒരു രോഗമാണ് ജോണീസ് രോഗം അഥവാ പാരാ ട്യൂബർകുലോസിസ്.

മൈക്കോബാക്ടീരിയം പാരാ ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയാണ് രോഗകാരി. തീറ്റ, വെള്ളം, മേച്ചിൽപ്പുറം, പാൽ, ബീജം എന്നിവയിലൂടെ രോഗം പകരാം. ഗർഭസ്ഥ ശിശുവിലേക്ക് രോഗം പകരുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ബാക്ടീരിയയെ നശിപ്പിക്കുക അത്ര എളുപ്പമല്ല. യു.വി. റേഡിയേഷൻ, പാസ്ചുറൈസേഷൻ, ബ്ലീച്ചിംഗ് പൗഡർ എന്നിവയെ അണു അതിജീവിക്കും. എത്ര കൊന്നാലും ആ സ്ഥലത്ത് വളർത്തുന്നവയ്ക്ക് വീണ്ടും രോഗം പിടിപെടാം. പാലിലൂടെ മനുഷ്യരിലേക്കും രോഗം പകരാം.

 

പ്രതിരോധിക്കാം. വാക്സിനുണ്ട്

2008 മഥുരയിലെ കേന്ദ്ര ആട് ഗവേഷണ കേന്ദ്രം വാക്സിൻ ഉൽപാദിപ്പിക്കാനുള്ള ഗവേഷണം ആരംഭിച്ചു. ഈ ഫാമിൽ രോഗം പിടിപ്പെട്ടപ്പോൾ ഈ വാക്സിൻ ഉപയോഗിച്ച് മൃഗങ്ങളെ രക്ഷപ്പെടുത്തിയത് വാർത്തയായി. 2013 ൽ ഇന്ത്യൻ വെറ്ററിനറി ഇൻസ്റ്റിറ്റൂട്ടിന്റെ അംഗീകാരവും 2014ൽ ഡ്രഗ് കൺട്രോളരുടെ അനുമതിയും വാക്സിന് ലഭിച്ചു. വാക്സിന്റെ കണ്ടുപിടുത്തത്തിന് നാഷണൽ ഇന്നോവേഷൻ അവാർഡ് ലഭിക്കുകയുണ്ടായി. ആടുകളിൽ ഒരു മില്ലി തൊലിക്കടിയിൽ കുത്തിവെച്ചാൽ മതിയാകും. വലിയ മൃഗങ്ങൾക്ക് മൂന്ന് വർഷത്തിനു ശേഷം വീണ്ടും എടുക്കണം.

 

Comments

COMMENTS

error: Content is protected !!