കെഎസ്ആർടിസി കൊറിയർ സർവീസ് ആരംഭിച്ചു ; കേരളത്തിൽ എവിടേക്കും 16 മണിക്കൂറിൽ സാധനങ്ങൾ എത്തും
കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ സാധനങ്ങൾ എത്തിക്കാനുള്ള കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസുമായി കെഎസ്ആർടിസി. ഇന്ന് മുതലാണ് സർവീസ് ആരംഭിക്കുന്നത്. രാവിലെ 11 മണിക്ക് കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ ഡിപ്പോ അങ്കണത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.
ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയർ സർവീസ് നടത്തുക. ഉപഭോക്താവ് തൊട്ടടുത്ത ഡിപ്പോയിൽ നിന്ന് കൊറിയർ കലക്ട് ചെയ്യുന്ന സംവിധാനമാണ് തുടക്കത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഡിപ്പോകളിലെ ഫ്രണ്ട് ഓഫിസിൽ തന്നെയാണ് കൊറിയർ സർവീസ് സംവിധാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഒരുക്കിയിട്ടുള്ളത്. കേരളത്തിന് പുറമെ ബെംഗളൂരു, മൈസൂരു, കോയമ്പത്തൂർ, തെങ്കാശി, നാഗർകോവിൽ തുടങ്ങിയ ഇടങ്ങളിലേക്കും പ്രാരംഭ ഘട്ടത്തിൽ കൊറിയർ സർവീസ് നടത്തും.
കൊറിയർ അയയ്ക്കാനുള്ള സാധനങ്ങൾ പാക്ക് ചെയ്ത് സെന്ററിൽ എത്തിക്കണം. അയയ്ക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും അപ്ഡേറ്റുകൾ മെസേജായി ലഭിക്കും. കൊറിയർ അയച്ച ഡിപ്പോയിലേക്ക് സ്വീകരിക്കുന്ന ആൾ നേരിട്ട് വരണം. സാധുതയുള്ള തിരിച്ചറിയൽ കാർഡ് വേരിഫൈ ചെയ്ത് സാധനം കൈമാറും. 3 ദിവസത്തിനുള്ളിൽ കൊറിയർ കൈപ്പറ്റാത്ത പക്ഷം പിഴ ഈടാക്കും. സ്വകാര്യ കൊറിയർ സേവനങ്ങളെക്കാൾ നിരക്ക് കുറവിലാണ് കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് നടത്തുക.