കെവിൻ ദുരഭിമാനക്കൊല: 10 പ്രതികൾക്കും ഇരട്ട ജീവപര്യന്തം

കോട്ടയം ∙ കെവിൻ ദുരഭിമാനക്കൊലക്കേസിൽ മുഖ്യപ്രതി സാനു ചാക്കോ അടക്കം 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. 10 പേർക്കുമായി 4.85 ലക്ഷം രൂപ പിഴയും ചുമത്തി.  വധശിക്ഷ നൽകാവുന്ന കുറ്റമാണെങ്കിലും പ്രതികളുടെ പ്രായം ഉൾപ്പെടെ കണക്കിലെടുത്ത് മനംമാറ്റത്തിന് അവസരം നൽകുകയാണെന്നു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സി. ജയചന്ദ്രൻ വ്യക്തമാക്കി.

സാനു ചാക്കോ, നിയാസ്, ഇഷാൻ, റിയാസ്, മനു മുരളീധരൻ, ഷിഫിൻ, എൻ. നിഷാദ്, ടിറ്റു ജെറോം, ഫസിൽ, ഷാനു

കോട്ടയം നട്ടാശേരിയിലെ കെവിൻ പി.ജോസഫ് കഴിഞ്ഞ വർഷം മേയ് 27 നാണു കൊല്ലപ്പെട്ടത്. തെന്മല സ്വദേശിനി നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ, നീനുവിന്റെ സഹോദരനും ഒന്നാം പ്രതിയുമായ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടിക്കൊണ്ടു പോയി തെന്മല ചാലിയക്കര പുഴയിൽ വീഴ്ത്തി കൊലപ്പെടുത്തിയെന്നാണു കേസ്.
10 പ്രതികൾക്കും 9 വകുപ്പുകളിൽ തടവുശിക്ഷ വിധിച്ചു; എല്ലാ ശിക്ഷയും ഒരുമിച്ച് ഒരേ കാലയളവിൽ അനുഭവിച്ചാൽ മതി. കൊലപാതകം (302-ാം വകുപ്പ്), തട്ടിക്കൊണ്ടു പോകൽ (364 എ) എന്നീ കുറ്റങ്ങൾക്കാണ് ഇരട്ട ജീവപര്യന്തം. സാനു ചാക്കോ, നിയാസ്, റിയാസ് എന്നിവർക്കെതിരെ ഗൂഢാലോചനക്കുറ്റമുണ്ടെങ്കിലും പ്രത്യേക ശിക്ഷ നൽകുന്നില്ലെന്നു കോടതി വ്യക്തമാക്കി.
പിഴത്തുകയിൽ ഒരു ലക്ഷം രൂപ മുഖ്യസാക്ഷിയും കെവിന്റെ ബന്ധുവുമായ അനീഷ് സെബാസ്റ്റ്യനും ബാക്കി തുക തുല്യമായി കെവിന്റെ പിതാവ് ജോസഫ്, നീനു എന്നിവർക്കും നൽകണം. വിധിയിൽ പൂർണ തൃപ്തിയെന്നു സ്പെഷൽ പ്രോസിക്യൂട്ടർ സി.എസ്. അജയൻ പറഞ്ഞു. അപ്പീൽ നൽകുമെന്നു സാനുവിന്റെ പിതാവ് ചാക്കോ പറഞ്ഞു.
വിധി തൃപ്തികരമാണെന്നും അപ്പീലിനു ഹൈക്കോടതിയിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയോഗിക്കുമെന്ന്, കേസന്വേഷണത്തിനു നേതൃത്വം നൽകിയ അന്നത്തെ ജില്ലാ പൊലീസ് മേധാവി ഹരി ശങ്കർ പറഞ്ഞു. പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി.
Comments
error: Content is protected !!