കൊടകര കുഴൽപ്പണ കേസിൽ സി.പി.എം. ബി.ജെ.പി ഒത്തുതീർപ്പെന്ന് ചെന്നിത്തല
നിയമ സഭാ തിരഞ്ഞെടുപ്പ് മുതലുള്ള എൽഡിഎഫ് – ബിജെപി കൂട്ടുകെട്ടിന്റെ ഫലമായാണ് കുഴൽപ്പണ കേസ് ഒത്തു തീർപ്പാക്കൽ ശ്രമങ്ങൾ നടക്കുന്നത് എന്ന് രമേശ് ചെന്നിത്തല. ഒത്തു തീർപ്പു ശ്രമങ്ങളെ കുറിച്ചു സൂചനയുണ്ടായിരുന്നു. ബിജെപി നേതാക്കളെ ഒഴിവാക്കി കേസ് മുന്നോട്ട് കൊണ്ടുപോകാനാണ് ഇപ്പോൾ പൊലീസിന് നിർദേശം നൽകിയിരിക്കുന്നത് എന്നും ചെന്നിത്തല പറഞ്ഞു.
കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കളെ പ്രതിചേർക്കാതെയാണ് പൊലീസ് കുറ്റപത്രം എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. സാക്ഷിപട്ടികയിലും ബിജെപി നേതാക്കളുടെ പേരില്ലാതെയാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്
.കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളെ സാക്ഷികളാക്കണോ എന്ന കാര്യം പിന്നീട് ആലോചിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കവർച്ച കേസായി മാത്രമാണ് കുറ്റപത്രം., ജൂലൈ 24ന് കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം എന്നാണ് വിവരം.കേസിലെ 22 പ്രതികൾക്കെതിരെ ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക.
പണത്തിന്റെ ഉറവിടത്തിൽ ബിജെപി നേതാക്കൾക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ ഉണ്ടാകും. കുറ്റപത്രത്തിൽ ബിജെപി നേതാക്കളുടെ മൊഴികളും ചേർക്കും. എന്നാൽ അതിൽ അന്വേഷണം നടത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മാത്രമേ സാധിക്കൂ. അതുകൊണ്ട് കേസ് ഇഡിക്ക് നല്കാൻ പൊലീസ് കുറ്റപത്രത്തിൽ നിർദേശിക്കും.
കേസുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷൻ കെസുരേന്ദ്രൻ ഉൾപ്പടെ 19 ബിജെപി നേതാക്കളെയാണ് പൊലീസ് ചോദ്യം ചെയ്തത്. എന്നാൽ ഇവരിൽ ഒരാൾ പോലും പ്രതിയാകില്ലെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.
കൊടകര കുഴൽപ്പണ കേസിൽ നിരവധി ദുരൂഹതകൾ ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സാഹചര്യങ്ങൾ പരിശോധിച്ചാൽ കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും കുറ്റകൃത്യത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടന്ന് കാണാമെന്നും കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. കേസിലെ പത്ത് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം ഉണ്ടായത്.
പരാതി കിട്ടി നാലാം ദിവസമാണ് പൊലീസ് കേസെടുത്തത്. വാഹനം തടഞ്ഞ് 25 ലക്ഷം തിട്ടയെടുത്തെന്നാണ് പരാതിക്കാരൻ പൊലീസിന് മൊഴി നൽകിയത്. എന്നാൽ വാഹനത്തിലുണ്ടായിരുന്ന 3.5 കോടി കവർന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പണത്തിന്റെ ഉറവിടം ഏതെന്നോ എന്താവശ്യത്തിനാണ് പണം കൊണ്ടുവന്നതെന്നോ ഇനിയും വ്യക്തമായിട്ടില്ല. ഇക്കാര്യങ്ങൾ എല്ലാം അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.