ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസിൽ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അരീഷ്, അബ്ദുൽ ഷാഹിദ്, ബാബു, മുഹമ്മദ് അലി, റൗഫ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്.
അന്വേഷണം പുരോഗമിക്കുകയാണെന്നും കവർച്ച നടത്തിയ കുഴൽപ്പണം പൂർണമായി കണ്ടെത്തിയിട്ടില്ലെന്നും പ്രധാന സാക്ഷികളെ ഇനിയും ചോദ്യം ചെയ്യാൻ ഉണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ തെളിവു നശിപ്പിക്കാനിടയുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ ആശങ്ക അറിയിച്ചു. സർക്കാർ വാദം കണക്കിലെടുത്താണ് ഹർജികൾ തള്ളിയത്.
കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ബുധനാഴ്ച ഒന്നര മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. പരാതിക്കാരനായ ധര്‍മരാജനും സുരേന്ദ്രനും തമ്മില്‍ ഫോണില്‍ സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്തത്.
“വിചിത്രപരമായ അന്വേഷണമാണ് നടക്കുന്നത്. ഉത്തരവാദിത്വപ്പെട്ട പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് ഹാജരായത്. കേസുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ല” എന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം സുരേന്ദ്രന്റെ പ്രതികരണം.