CRIME

“കൊടുവള്ളി പൊലീസ് ഗ്യാങ്” തലവൻ അറസ്റ്റിൽ

പൊലീസ് ചമഞ്ഞ് പച്ചക്കറി ലോറിയിൽനിന്ന് 96 ലക്ഷം കവർന്ന കേസിൽ കൊടുവള്ളി പൊലീസ് ഗ്യാങിലെ പ്രധാനി അറസ്‌റ്റിൽ.  കൊടുവള്ളി അവിലോറ സ്വദേശി ആത്ത, വാവ എന്നീ പേരുകളിൽ അറിയപ്പെടുന്ന റിതേഷ് (32) ആണ് തൃശൂർ  സിറ്റി പൊലീസിന്റെ പിടിയിലായത്.

മാർച്ച്‌ 22ന്‌ പുലർച്ചെ കുട്ടനെല്ലൂരിൽ ഉണ്ടായ കവർച്ചയുടെ തുടർച്ചയായി പൊലീസ് അന്വേഷണത്തിലാണ് വിപുലമായ ഗ്യാങ് പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. കോയമ്പത്തൂരിൽ നിന്ന് മൂവാറ്റുപുഴക്ക് പച്ചക്കറിയുമായി പോവുകയായിരുന്ന ലോറി, പൊലീസെന്ന്‌ പറഞ്ഞ് തടഞ്ഞ്‌ പണം കവരുകയായിരുന്നു. ഇലക്ഷൻ അർജന്റ്‌ എന്ന ബോർഡ്‌ വച്ച്‌ ഇന്നോവ കാറിൽ  എത്തി ലോറി തടഞ്ഞു. 

ലോറിയിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ്‌ ഡ്രൈവറെയും സഹായിയേയും ബലം പ്രയോഗിച്ച് ഇറക്കി.  കാറിൽ  കയറ്റി കൊണ്ടുപോയി. കുറച്ചു ദൂരം പോയശേഷം  തിരികെ ലോറിയുടെ അടുക്കലെത്തിച്ച് ഇറക്കി വിട്ടു. ഇതിനിടെ കവർച്ചാ സംഘത്തിലെ മറ്റുള്ളവർ ലോറിയിൽനിന്ന്‌ പണം കൈക്കലാക്കി. പിന്നീട് ഡ്രൈവറും സഹായിയും ലോറി പരിശോധിച്ചപ്പോഴാണ് ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 96 ലക്ഷം രൂപ കവർച്ച ചെയ്‌തതൈന്ന്‌ അറിഞ്ഞത്‌. തുടർന്ന്‌ ഒല്ലൂർ  പൊലീസ്‌ സ്‌റ്റേഷനിലെത്തി പരാതി നൽകി. കേസിൽ നേരത്തെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

അറസ്റ്റിലായ റിതേഷ് പാലക്കാട്, മലപ്പുറംജില്ലകളിൽനിരവധി കുഴൽപ്പണ കവർച്ച കേസുകളിൽപ്രതിയാണ്. സംഘം സഞ്ചരിച്ചിരുന്ന രണ്ട് കാറും, ലോറി ഡ്രൈവറേയും സഹായിയേയും തട്ടിക്കൊണ്ടുപോയ ഇന്നോവ കാറും പോലീസ് വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെടുത്തു.   

അറസ്റ്റിലായ റിതേഷ്‌ സംഘത്തിലെ പ്രധാനിയാണ്‌. പൊലീസ് ചമഞ്ഞാണ് ഇവരുടെ തട്ടിപ്പ്. കുഴൽപണക്കവർച്ചയാണ് മുഖ്യം. പരാതികൾ ഇല്ലാത്ത കേസുകളായി ഇവ മാറും. പതിവ് പോലെ കുഴൽപണക്കടത്ത് എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കവർച്ച ആസൂത്രണം ചെയ്തത്. കണ്ണൂർ, തിരുവനന്തപുരം സംഘങ്ങൾ ഇതിനായി ഒന്നിച്ചു. 

കൊടുവള്ളി പൊലീസ് ഗ്യാങ്ങ് എന്ന പേരിലാണ് അറിയപ്പെടുന്നത്.  നിരവധി സ്ഥലങ്ങളിൽനിന്ന്‌  പണം കവർന്നിട്ടുണ്ട്‌. വാഹനത്തിലുള്ളവരോട്‌ പൊലീസ്‌ രീതിയിൽ സംസാരിച്ച് യാതൊരു സംശയവും തോന്നാത്ത രീതിയിൽ  പെരുമാറിയാണ്‌ പണം തട്ടിയെടുക്കുക. ആയുധം കൈവശം വെക്കുമെങ്കിലും സംഘർഷം ഉണ്ടാക്കാറില്ല.   സംഘത്തെ സഹായിക്കാൻ കേസുകളിലൊന്നും കുടുങ്ങാത്ത സംഘം വേറെയുണ്ടെന്നും പൊലീസിന്‌ വിവരം ലഭിച്ചു. സഹായികൾ ആരും ശ്രദ്ധിക്കാത്ത  പ്രദേശങ്ങളിൽ  വിട് വാടകക്ക് എടുക്കും. സംഘത്തിലുള്ളവർക്ക്‌ ഒളിവിൽ  കഴിയുന്നതിനും, പൊലീസ്‌  അറസ്റ്റ് ചെയ്‌താൽ  നിയമസഹായം നൽകുന്നിതിനും ഇത്തരം കേന്ദ്രങ്ങൾ ഉപയോഗിക്കും. 

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button