കെ എസ് ആർ ടി സി യുടെ ബാധ്യത വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കരുത്; വിദ്യാർത്ഥി കൺസഷൻ വെട്ടിക്കുറക്കാനുള്ള നീക്കം അനുവദിക്കില്ല: ഫ്രറ്റേണിറ്റി മൂവ്മെന്റ്
വടകര: കെ എസ് ആർ ടി സി യുടെ ബാധ്യത വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കരുത്; വിദ്യാർത്ഥി കൺസഷൻ വെട്ടിക്കുറക്കാനുള്ള നീക്കം അനുവദിക്കില്ല എന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കോഴിക്കോട് ജില്ലാ കമ്മി്റിയംഗം മുജാഹിദ് മേപ്പയൂർ പറഞ്ഞു. വിദ്യാർഥി കൺസേഷൻ വെട്ടി കുറക്കുന്നതിരെ വടകരയിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
25 വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികളുടെ കൺസഷൻ റദ്ദാക്കാനുള്ള കെ എസ് ആർ ടി സി നടപടി വിദ്യാർത്ഥികളോടുള്ള വഞ്ചനയും അവരുടെ വിദ്യാഭ്യാസ അവകാശത്തെ അട്ടിമറിക്കുന്നതുമാണ്. കെ.എസ്.ആർ.ടി.സി യുടെ ബാധ്യത വിദ്യാർത്ഥികളുടെ മേലല്ല അടിച്ചേൽപ്പിക്കേണ്ടത്. സർക്കാരിൻ്റെ കെടുകാര്യസ്ഥയിൽ ഉണ്ടായ സാമ്പത്തിക ബാധ്യതയിൽ നിന്ന് സർക്കാർ തന്നെ ഒളിച്ചോടുന്ന നടപടിയാണിത്. ദീർഘ കാലത്തെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത വിദ്യാർത്ഥി കൺസഷനിൽ കൈ വെക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകും. എന്നും അദ്ദേഹം പറഞ്ഞു. വടകര ടൗണിൽ നടന്ന ധർണയിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് വടകര മണ്ഡലം കൺവീനർ അസ്ഹർ ഏറാമല അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ കമ്മി്റിയംഗം റുഫൈദ്,മണ്ഡലം കമ്മിറ്റി അംഗം ശാനിബ് എൻ.വി,സബാഹ് എന്നിവർ സംസാരിച്ചു.