കെ എസ് ഇ ബി ജീവനക്കാര്‍ റോഡരികില്‍ അശ്രദ്ധമായി വെച്ച ഇരുമ്പുതോട്ടിയില്‍ ചവിട്ടി വിദ്യാര്‍ഥിക്ക് പരിക്കേറ്റു
കെ എസ് ഇ ബി ജീവനക്കാര്‍ റോഡരികില്‍ അശ്രദ്ധമായി വെച്ച ഇരുമ്പുതോട്ടിയില്‍ ചവിട്ടി വിദ്യാര്‍ഥിക്ക് പരിക്കേറ്റു. കൊയിലാണ്ടി പൊയില്‍ക്കാവിലാണ് സംഭവം. ഗുരുതരമായിപരിക്കേറ്റ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അര്‍ണവിനെ കോഴിക്കോട്ടെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ണവിന് പ്ലാസ്റ്റിക് സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ചെറിയൊരു റോഡിലൂടെ സൈക്കിളില്‍ പോവുകയായിരുന്ന അര്‍ണവ് മറുവശത്ത് നിന്ന് വാഹനങ്ങള്‍ വന്നതുകൊണ്ട് സൈഡിലേക്ക് നീങ്ങി നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്നും ആയുധം തട്ടി കാലിന്റെ ഒരു ഭാഗം ചീന്തിപ്പോയെന്നും അര്‍ണവിന്റെ അമ്മ പറഞ്ഞു. തൊലിയുൾപ്പെടെ പോയതിനാല്‍ തുന്നാൻ ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്ലാസ്റ്റിക് സര്‍ജറി മാത്രമാണ് ഇനിയുള്ള മാര്‍ഗമെന്നും അതിനെക്കുറിച്ച് പത്ത് ദിവസത്തിന് ശേഷം മാത്രമേ പറയാന്‍ കഴിയുകയുള്ളുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി അവര്‍ കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി ആദ്യം തുടങ്ങാനിരിക്കുന്ന വാര്‍ഷിക പരീക്ഷ അര്‍ണവിന് എഴുതാന്‍ സാധിക്കില്ലെന്ന ആശങ്കയും അവര്‍ പ്രകടിപ്പിക്കുന്നുണ്ട്.