കെ ടി ജലീൽ ചെയ്ത കുറ്റങ്ങളെല്ലാം ഉടൻ വെളിപ്പെടുത്തും: സ്വപ്‌ന സുരേഷ്
കൊച്ചി: മുൻമന്ത്രി കെ.ടി ജലീൽ എന്തൊക്കെ കുറ്റം ചെയ്തിട്ടുണ്ടോ അതെല്ലാം വെളിപ്പെടുത്തുമെന്ന് സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ്. ഗൂഢാലോചന നടത്തിയത് ആരെന്ന് അന്വേഷിക്കണമെന്നും സ്വപ്‌ന ആവശ്യപ്പെട്ടു. മജിസ്‌ട്രേറ്റിനു മുന്നിൽ കെ ടി ജലീലിനെതിരെ മൊഴി നൽകിയതായി സ്വപ്‌ന നേരത്തെ വ്യക്തമാക്കിയിരുന്നു.
പൊലീസിന്റെ സുരക്ഷ തനിക്ക് ആവശ്യമില്ലെന്നും ആവശ്യമുള്ള സുരക്ഷ സ്വയം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സ്വപ്‌ന വ്യക്തമാക്കി. ഗൂഢാലോചന നടത്തിയത് യഥാർത്ഥത്തിൽ തനിക്കെതിരെ കേസ് നൽകിയവരാണ്. തനിക്കെതിരെ എത്ര കേസുകൾ കൊടുത്താലും അതിലൊന്നും പ്രശ്‌നമില്ല. ഇനി എന്തൊക്കെ കേസാണ് ജലീൽ തനിക്കെതിരെ നൽകുന്നതെന്ന് കാണാമെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. 164 സ്റ്റേറ്റ്‌മെന്റിൽ കെടി ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. തന്നെ പൊലീസ് പിന്തുടരേണ്ട കാര്യമില്ല. ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നും അദ്ദേഹത്തിനെതിരായ വെളിപ്പെടുത്തൽ രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നും സ്വപ്‌ന സുരേഷ് അറിയിച്ചു. രണ്ട് ദിവസം ജലീൽ വിയർക്കട്ടെയെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ അഡ്വ.കൃഷ്ണരാജ് പറഞ്ഞു. ഷാജ് കിരൺ പറഞ്ഞ കാര്യങ്ങൾ ഒക്കെ നടന്നില്ലേ. ആരാണ് ഷാജ് കിരൺ? എന്തിനാണ് എഡിജിപിക്കെതിരെ നടപടിയെടുത്തത്? ഇവിടെ ആരാണ് ഗൂഢാലോച നടത്തുന്നതെന്നും സ്വപ്ന ചോദിച്ചു.