കെ.പി.സി.സി സെക്രട്ടറി പി.എസ് പ്രശാന്ത് പാർട്ടി വിട്ടു
കെപിസിസി സെക്രട്ടറിയായിരുന്ന പി എസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു. എ വിജയരാഘവന് എകെജി സെന്ററിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് പ്രശാന്ത് പാര്‍ട്ടിയില്‍ ചേരുന്ന കാര്യം അറിയിച്ചത്.
ഉപാധികളില്ലാതെയാണ് സിപിഎമ്മില്‍ ചേരുന്നതെന്നും സിപിഎം ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ആത്മാര്‍ഥതയോടുകൂടി നിറവേറ്റുമെന്നും പ്രശാന്ത് പറഞ്ഞു. എ വിജയരാഘവനെറ വാര്‍ത്താസമ്മേളനത്തിനിടെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ഉള്‍പ്പെടെയുള്ള ജില്ലാ നേതാക്കളോടൊപ്പമാണ് പിഎസ് പ്രശാന്ത് എത്തിയത്.
പ്രശാന്തിനു സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറാം തിയതി സ്വീകരണം നല്‍കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു പിഎസ് പ്രശാന്ത്. ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനെത്തെത്തുടര്ന്നാണ് കോണ്‍ഗ്രസുമായി ഇടഞ്ഞു. ഡിസിസി പ്രസിഡന്റായി നിയമിക്കപ്പെട്ട പാലോട് രവിക്കെതിരെയായിരുന്നു പ്രധാന വിമര്‍ശം.
തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചയാളാണു പാലോട് രവി. അദ്ദേഹത്തെ ഡിസിസി പ്രസിഡന്റായി നിയമിക്കുന്നതിലൂടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് തെറ്റായ സന്ദേശമാണു കൊടുക്കുന്നതെന്നും പ്രശാന്ത് പറഞ്ഞിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രശാന്ത് രാഹുല്‍ ഗാന്ധിക്ക് കത്തയയ്ക്കുയും ചെയ്തു. ഇതോടെ പ്രശാന്തിനെ നേതൃത്വം സസ്പെന്‍ഡ് ചെയ്തു.പരസ്യവിമര്‍ശം തുടര്‍ന്നതോടെ പുറത്താക്കി.