കോവിഡ് ജാഗ്രത; രാജ്യത്തിന് കോഴിക്കോടന്‍ മാതൃക

 

കോഴിക്കോട്:  രാജ്യത്തിന് തന്നെ മാതൃകയായി കോഴിക്കോടിന്റെ കോവിഡ് 19 ജാഗ്രത പോര്‍ട്ടല്‍. കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടവും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും സംസ്ഥാന ഐ.ടി മിഷനും സംയുക്തമായാണ് പോര്‍ട്ടല്‍ ആരംഭിച്ചത്.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, കോവിഡ് ബാധിതരുടെ നിരീക്ഷണം, ചികിത്സ സാധ്യമാക്കല്‍ എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന  സര്‍ക്കാരിനു വേണ്ടി വികസിപ്പിച്ച സമഗ്രമായ പകര്‍ച്ചവ്യാധി മാനേജ്‌മെന്റ് സംവിധാനം മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണ് മുന്നോട്ടു വെക്കുന്നത്.

ഹോം ക്വാറന്റയിനില്‍ കഴിയുന്ന വ്യക്തികളുടെ തത്സമയ രോഗ നിരീക്ഷണം, രോഗീ പരിപാലനം, പരാതികള്‍ സമര്‍പ്പിക്കാനും പ്രശ്‌നപരിഹാരത്തിനുമായുള്ള ഓണ്‍ലൈന്‍ സംവിധാനം എന്നിവക്കു പുറമെ ഓരോ ഘട്ടത്തിലെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആവശ്യം മനസിലാക്കി ആപ്ലിക്കേഷന്‍ വിപുലീകരിക്കുന്നുണ്ട്. സെക്ടറല്‍ മജിസ്‌ട്രേറ്റ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളും പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നുണ്ട്.

നിലവില്‍ പുതുതായി കോവിഡ് ഐസിയുകളെ ബന്ധിപ്പിക്കുന്ന ഐസിയു ഗ്രിഡ് സംവിധാനവും കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ പ്രവര്‍ത്തന സജ്ജമായി. സ്വകാര്യ ആശുപത്രികളില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ചികിത്സാധന സഹായത്തിനുള്ള റഫറല്‍ ലെറ്ററും നിലവില്‍ പോര്‍ട്ടല്‍ മുഖേന നല്‍കുന്നുണ്ട്.സംസ്ഥാനത്ത് കോവിഡ് പരിശോധനയില്‍ പത്തുലക്ഷം പൂര്‍ത്തീകരിക്കുന്ന ആദ്യ ജില്ലയും കോഴിക്കോടാണ്.

Comments

COMMENTS

error: Content is protected !!