കെ ഫോൺ പദ്ധതിയുടെ പുറം ജോലിക്കുള്ള കരാർ സ്വകാര്യ കമ്പനിക്ക് നൽകി

കെ.ഫോൺ പദ്ധതിയിൽ  പുറം ജോലിക്കുള്ള കരാർ വിപുലമായ അധികാരങ്ങളോടെ സ്വകാര്യ കമ്പനിക്ക്. ബില്ലിംഗിലും സർവേയിലും അടക്കം ഇടപെടാനുള്ള വിപുലമായ അധികാരങ്ങളാണ് ബംഗളൂരു ആസ്ഥാനമായ എസ്ആര്‍ഐടി കമ്പനിക്ക് നൽകിയത്. കെ ഫോണിൻ്റെ വരുമാനത്തിൻ്റെ നിശ്ചിത ശതമാനവും കമ്പനിക്കാണ്.

പ്രൊപ്പൈറ്റർ മാതൃകയിൽ പ്രവർത്തിക്കാൻ സർക്കാർ അനുമതി കിട്ടിയതിനെ തുടര്‍ന്നാണ് എംഎസ്പിയെ തെരഞ്ഞെടുക്കാൻ കെ ഫോൺ ഇ ടെണ്ടര്‍ വിളിച്ചത്. മൂന്ന് സ്വകാര്യ കമ്പനികൾ പങ്കെടുത്ത ടെണ്ടറിൽ കരാര്‍  എസ്ആര്‍ഐടിക്ക് കിട്ടി. പദ്ധതി നടത്തിപ്പിൽ കെ ഫോണിന് സാങ്കേതികമായ എല്ലാ സഹായവും നൽകേണ്ടത് ഇനി ഈ സ്വകാര്യ കമ്പനിയാണ്. സ്ഥാപനങ്ങളിലും വീടുകളിലും വാണിജ്യ ആവശ്യത്തിനുമെല്ലാം കെ ഫോൺ സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാക്കുമ്പോൾ അതിന്‍റെ വാടക തീരുമാനിക്കുന്നത് മുതൽ ബില്ലിംഗും സര്‍വെയും അവശ്യസാധനങ്ങളുടെ പര്‍ച്ചേസിലും എല്ലാം ഇടപെടാനും തീരുമാനമെടുക്കാനും ഉള്ള അധികാരം എസ്ആര്‍ഐടിക്ക് ഉണ്ടായിരിക്കും.

സർക്കാർ ഓഫിസുകളിൽ ഇന്റർനെറ്റ് കണക്ഷനുള്ള സാങ്കേതിക സഹായവും പരിപാലനവും സിസ്സ്റ്റം ഇന്റഗ്രേറ്ററായ ഭാരത് ഇലട്രോണിക്സിന്റെ ചുമതലയാണ്. 30000 സർക്കാർ സ്ഥാപനങ്ങളിലേക്ക് മാത്രമായി ഭെല്ലിന്റെ സേവനം പരിമിതപ്പെടുത്തിട്ടുണ്ട്. ബാക്കി വരുന്ന ഗാര്‍ഹിക വാണിജ്യ കണക്ഷനെല്ലാം സ്വകാര്യ കമ്പനിയുടേ ചുമതലയിലേക്ക് മാറും. അതിനിടെ ബിപിഎൽ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ നടപടികൾ തുടങ്ങിക്കഴിഞ്ഞെന്നാണ് കെ ഫോൺ പറയുന്നത്.

സൗജന്യ കണക്ഷൻ നൽകുമെന്ന് പ്രഖ്യാപിച്ച 14000 കുടുംബങ്ങളിൽ 7569 പേരുടെ ലിസ്റ്റ് മാത്രമാണ് ഇത് വരെ കെ ഫോണിന്‍റെ കയ്യിലുള്ളത്. മുഴുവൻ ലിസ്റ്റിന് കാത്ത് നിൽക്കാതെ നിലവിൽ ഉള്ളവര്‍ക്ക് കണക്ഷൻ നൽകും. ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ ആദ്യവാരം നടത്താനും ആലോചന നടക്കുന്നു

Comments

COMMENTS

error: Content is protected !!