കെ റെയിൽ: സർക്കാർ സംവാദത്തിൽ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കുന്നു
തിരുവനന്തപുരം: സിൽവർലൈൻ അർദ്ധ അതിവേഗപാത സ്ഥാപിക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച വിദഗ്ധരെയടക്കം പങ്കെടുപ്പിച്ച്, സർക്കാർ സംഘടിപ്പിക്കുന്ന സംവാദത്തിന്റെ പാനലിൽ നിന്ന്, ജോസഫ് സി മാത്യുവിനെ ഒഴിവാക്കാൻ നീക്കം. പദ്ധതിയെ രൂക്ഷമായി വിമർശിക്കുന്ന അലോക് വർമ്മ, ആർവിജി മേനോൻ, ജോസഫ് സി മാത്യു എന്നിവരെയും അനുകൂലിക്കുന്ന മൂന്ന് വിദഗ്ധരെയും പങ്കെടുപ്പിച്ചാണ് സംവാദം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിൽ നിന്നും ജോസഫ് സി മാത്യുവിനെ മാറ്റാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്.
വ്യാഴാഴ്ച നടക്കുന്ന സംവാദത്തിൽ പദ്ധതിയെ അനുകൂലിക്കുന്ന മൂന്ന് പേരുടെ പാനലിൽ നിന്നും ഡിജിറ്റൽ സർവ്വകലാശാല വി സി സജി ഗോപിനാഥിനെയും മാറ്റും എന്നറിയുന്നു. സജി ഗോപിനാഥ് സ്ഥലത്തില്ലാത്തതാണ് കാരണം. ജോസഫ് സി മാത്യുവിനെ നേരത്തെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നതാണ്. സംവാദത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം മറുപടി നൽകുകയും ചെയ്തിരുന്നു. ഒഴിവാക്കുന്നതിനെ കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ജോസഫ് സി മാത്യു കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു.
പാനലിലെ മാറ്റത്തിൽ രാഷ്ട്രീയ ഇടപെടലുകളില്ലെന്നും രണ്ട് പക്ഷത്തെയും പേരുകൾ ഇന്ന് അന്തിമമായി അറിയിക്കുമെന്നും കെ റെയിൽ അധികൃതർ പറയുന്നു.
സിൽവർ ലൈനിൽ പ്രതിഷേധം കനത്തതോടെയാണ് വിദഗ്ധരെ
പങ്കെടുപ്പിച്ച് സംവാദത്തിന് സംസ്ഥാന സർക്കാർ തയാറായത്. നേരത്തെ സിസ്ട്രക്ക് വേണ്ടി കരട് ഡി പി ആർ തയാറാക്കാൻ നേതൃത്വം നൽകിയ, റെയിൽവേ എഞ്ചിനീയർ അലോക് കുമാർ വർമ്മ, പദ്ധതി രേഖയിൽ നടന്ന തിരിമറികൾ പരസ്യപ്പെടുത്തിയിരുന്നു. ഉപയോഗിച്ച സ്ഥിതി വിവരക്കണക്കുകൾ തട്ടിക്കൂട്ടാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയെ നേരിൽ കണ്ട് അത് ബോദ്ധ്യപ്പെടുത്താൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അദ്ദേഹം സമയം ചോദിച്ചെങ്കിലും നിഷേധിക്കപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് മുമ്പിലും ഇതേ ആവശ്യം ഉന്നയിച്ചത്. തുടർന്നാണ് അലോക് വർമ്മ ഒറ്റക്ക് തന്റെ വിയോജിപ്പുകൾ പറയുന്നതിന് പകരം അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള ഒരു സംവാദമാകാം എന്ന നിലപാട് ചീഫ് സെക്രട്ടറി എടുത്തത്. അലോക് കുമാർ വർമ്മക്കൊപ്പം ആർ വി ജി മേനോൻ, ജോസഫ് സി മാത്യു എന്നിവരെക്കൂടി ഉൾപ്പെടുത്തി എതിർക്കുന്നവരുടെ പാനൽ തയാറാക്കിയത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു. പിണറായി സർക്കാറിന്റെ നയങ്ങൾ ഇടതുപക്ഷ വിരുദ്ധവും കോർപ്പറേറ്റ് അനുകൂലവുമാണ് എന്ന വിമർശനം നിരന്തരം ഉയർത്തുന്ന ആളാണ് ജോസഫ് സി മാത്യു. വി എസ് അച്ചുതാനന്ദന്റെ ഐ ടി ഉപദ്രഷ്ടാവെന്ന നിലനിലയിൽ പ്രശസ്തനായ ജോസഫ് സി മാത്യു കെ റെയിലിനെതിരെ ഉന്നയിച്ച വിമർശനങ്ങളിൽ ഒന്നിന് പോലും തൃപ്തികരമായി മറുപടി പറയാൻ കെറെയിൽ അനുകൂലികൾക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല.
ക്ഷണം കിട്ടിയ അലോക് വർമ്മ പദ്ധതിക്കായി പ്രാംരഭ പഠനം നടത്തിയ മുൻ ചീഫ് ബ്രിഡ്ജ് എഞ്ചിനീയറാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് അനുമതി നിഷേധിക്കപ്പെട്ട വർമ്മ ഡിപിആറിനെ അതിരൂക്ഷമായി വിമർശിച്ച് ദേശീയതലത്തിൽ തന്നെ പദ്ധതിക്കെതിരായ നിലപാട് സ്വീകരിച്ചു വരുന്ന ആളാണ്. അലോക് വർമ്മക്കൊപ്പം ക്ഷണം ലഭിച്ച ആർ വി ജി മേനോന്റെയും ജോസഫ് സി മാത്യൂവിന്റേയും വാദങ്ങൾ ഏറ്റെടുത്താണ് പരിഷത്ത് അടക്കം ഇടതാഭിമുഖ്യമുള്ളവരും പദ്ധതിയിൽ സംശയം ഉന്നയിച്ചിരുന്നത്.
അനുകൂലിക്കുന്ന പാനലിൽ മുൻ റെയിൽവെ എഞ്ചിനീയർ സുബോധ് ജെയിൻ, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് രഘുചന്ദ്രൻനായർ എന്നിവരാണ് പദ്ധതിക്കായി വാദിക്കാനെത്തുന്നത്. ശാസ്ത്ര സാങ്കേതിക പ്രിൻസിപ്പൽ സെക്രട്ടറി കെ പി സുധീർ മോഡറേറ്ററായുള്ള സംവാദം മാധ്യമങ്ങൾക്ക് തത്സമയം പ്രക്ഷേപണം ചെയ്യാം. ചർച്ചയിൽ പങ്കെടുക്കുമെന്ന് അലോക് വർമ്മയും ആർവിജി മേനോനും സമ്മതമറിയിച്ചിട്ടുമുണ്ട്.