KERALAMAIN HEADLINES

കേന്ദ്രവൈദ്യുതി ചട്ടഭേദഗതി സംസ്ഥാനത്തും നടപ്പാക്കാൻ തീരുമാനം

തിരുവനന്തപുരം: ഉത്പാദനച്ചെലവിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് എല്ലാമാസവും വൈദ്യുതി നിരക്കിൽ മാറ്റം വരുത്താനുള്ള കേന്ദ്രവൈദ്യുതി ചട്ടഭേദഗതി സംസ്ഥാനത്തും നടപ്പാക്കുന്നു. ഇന്നലെ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.  ഊർജ്ജസെക്രട്ടറി കെ ആർ  ജ്യോതിലാൽ, കെഎസ്ഇബി ചെയർമാൻ രാജൻ ഖോബ്രഗഡെ, ബോർഡ് ഡയറക്ടർമാർ എന്നിവരും യോഗത്തിലുണ്ടായിരുന്നു . പുതിയ സംവിധാനം മൂന്നു മാസത്തിനകം നടപ്പാകും.

പുതിയ സംവിധാനം വരുന്നതോടെ ഓരോ മാസവും ഓരോ നിരക്ക് നൽകേണ്ടിവരും. മഴക്കാലത്ത് വില കുറയാനും വേനൽക്കാലത്ത് കൂടുതൽ വൈദ്യുതി പുറമേ നിന്ന് വാങ്ങുന്നതിനാൽ വില കൂടാനും സാദ്ധ്യതയുണ്ട്.

ഗാർഹിക,ഗാർഹികേതതര വിഭാഗങ്ങൾക്കും വ്യവസായ,കാർഷിക ഉപഭോക്താക്കൾക്കും നിരക്കുകൾ വ്യത്യാസപ്പെടും. കേന്ദ്രവൈദ്യുതി ചട്ടത്തിൽ കഴിഞ്ഞ മാസം വരുത്തിയ ഭേദഗതിപ്രകാരം വൈദ്യുതി ഉത്പാദനത്തിലോ വാങ്ങുന്നതിലോ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് സർചാർജജ് സ്വയം നിർണയിച്ച് നിരക്ക് പരിഷ്കരിക്കാൻ സംസ്ഥാനങ്ങളിലെ വൈദ്യുതിവിതരണകമ്പനികൾക്കാകും. ഇത് വർഷത്തിലൊരിക്കൽ വരവ് ചെലവ് റിപ്പോർട്ടായി റെഗുലേറ്ററി കമ്മിഷന് നൽകി അംഗീകാരം നേടിയാൽ മതി. ഇത് നടപ്പാക്കുമ്പോൾ വൈദ്യുതി ഉത്പാദനത്തിലുണ്ടാകുന്ന ചെലവുകുറവ് നെഗറ്റീവ് സർചാർജ്ജായി നടപ്പാക്കാനുള്ള സാഹചര്യമില്ലാതാകുമെന്ന് ഇന്നലെ ചേർന്ന യോഗത്തിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ചൂണ്ടിക്കാട്ടി.ഇതു കൂടി പരിഗണിച്ച് ഉപഭോക്താക്കൾക്ക് പ്രയോജനകരമായ രീതിയിൽ പുതിയ പരിഷ്കാരം നടപ്പാക്കാൻ സാദ്ധ്യത ആരായാൻ അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.

വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ മൊത്തം വരവുചെലവ് കണക്കുകൾ പരിശോധിച്ച് വൈദ്യുതിനിരക്ക് നിർണയിക്കും. അധികവൈദ്യുതി ആവശ്യമുണ്ടായാൽ പുറമെനിന്ന് വാങ്ങുകയും അതിന്റെ ചെലവ് റിപ്പോർട്ടായി സമർപ്പിച്ച് ഏതാനും മാസത്തേക്ക് സർചാർജ്ജ് വാങ്ങുകയും ചെയ്യും. ഇതിനുമുമ്പായി പൊതുജനങ്ങളിൽ നിന്ന് തെളിവെടുപ്പും നടത്തും. ഇതിനാണ് മാറ്റം വരുന്നത്.

പുറമെനിന്ന് വാങ്ങുന്ന വൈദ്യുതിനിരക്ക് അടിസ്ഥാന യൂണിറ്റാകും. ഇതിനൊപ്പം സംസ്ഥാനത്തെ ഉത്പാദനച്ചെലവും പരിഗണിക്കും.ഉത്പാദനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിൽ നിരക്കിനെയും ബാധിക്കും.ഓരോ മാസത്തെ വിലയും അതനുസരിച്ചാവും നിർണയിക്കുക.അതിനാൽ ചിലമാസങ്ങളിൽ വൈദ്യുതി നിരക്ക് കൂടിയും ചില മാസങ്ങളിൽ അടിസ്ഥാനവിലയിൽ മാറ്റമില്ലാതെയും ശേഷിക്കുന്ന ആറുമാസക്കാലത്ത് നിരക്ക് കുറഞ്ഞുമിരിക്കും.ഇത് എങ്ങനെ നടപ്പാക്കുമെന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button