പാളയം മാര്‍ക്കറ്റില്‍ പഴകിയ മീനുകള്‍ പിടിച്ചെടുത്തു

പാളയം മാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനക്കിടെ വാക്കുതര്‍ക്കം. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ മീന്‍ വില്പനക്കാര്‍ തടഞ്ഞു. നല്ല മീനുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുന്നതായി ആരോപിച്ചായിരുന്നു വില്പനക്കാരുടെ പ്രതിഷേധം.

 

ട്രോളിങ് നിരോധനം നിലനില്‍ക്കുന്നതിനിടെ മാര്‍ക്കറ്റുകളില്‍ പഴകിയ മീനുകള്‍ വില്ക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം തിങ്കളാഴ്ച രാവിലെ മിന്നല്‍ പരിശോധന നടത്തിയത്.

 

പഴകിയതും പുഴുവരിച്ചനിലയിലുള്ളതുമായ മീനുകള്‍ മാര്‍ക്കറ്റില്‍നിന്ന് പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാനറിയില്ലെന്നും നല്ല മീനുകളും അവര്‍ പിടിച്ചെടുക്കുന്നുണ്ടെന്നുമായിരുന്നു വില്പനക്കാരുടെ ആരോപണം. വില്പനക്കാരുടെ പ്രതിഷേധം വകവെയ്ക്കാതെ ഉദ്യോഗസ്ഥര്‍ പഴകിയ മീനുകള്‍ പിടിച്ചെടുക്കുകയായിരുന്നു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
Comments

COMMENTS

error: Content is protected !!