“കേരളത്തിന്റെ സൈന്യം’ ഇനി കോസ്റ്റല്‍ പൊലീസില്‍; 177 പേര്‍ക്ക് നിയമനം വെബ് ഡെസ്‌ക് Upd
അഞ്ച് വനിതകളടക്കം 177 പേരടങ്ങിയ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് പരേഡ് മുഖ്യമന്ത്രി പരിശോധിച്ചു. പരിശീലന കാലത്തെ മികവിന് ബെസ്റ്റ് ഔട്ട്‌ഡോറും ഓൾറൗണ്ടറുമായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൂർ ജില്ലയിലെ എടക്കാട് സ്വദേശി സുകേന്ദ് കെ, ബെസ്റ്റ് ഇൻഡോർ കണ്ണൂർ ജില്ലയിലെ രാമന്തളി സ്വദേശി വില്ല്യം ചാൾസൺ, തിരുവനന്തപുരം പൊഴിയുർ സ്വദേശിനി ജി. ഷീബ എന്നിവർക്ക് മുഖ്യമന്ത്രി പ്രത്യേക അവാർഡുകൾ നൽകി. തുടർന്ന് സേനാംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം സ്ലോ മാർച്ചും ക്വിക് മാർച്ചും നടന്നു. നീല യൂണിഫോമണിഞ്ഞ് അടുക്കും ചിട്ടയുമായി നടത്തിയ പരേഡ് കോസ്റ്റൽ പൊലീസ് വാർഡൻമാരുടെ കഴിവും അർപ്പണ ബോധവും പരിശീലന മികവും വിളിച്ചറിയിക്കുന്നതായിരുന്നു.
കേരളത്തിന്റെ തീരദേശ ജില്ലകളിൽനിന്ന് പ്രത്യേകം തെരഞ്ഞെടുത്തവർക്കാണ് കോസ്റ്റൽ പൊലീസ് വാർഡൻമാരാതി ഒരു വർഷത്തേക്ക് നേരിട്ട് നിയമനം നൽകിയത്. നാലുമാസത്തെ തീവ്ര പരിശീലന കാലയളവിൽ കോസ്റ്റ് ഗാർഡിന്റെ കീഴിലെ കടലിലെ ബോൾ ബാലൻസിംഗ്, ചെസ്റ്റ് ക്യാരിയിംഗ്, കടലിലെ അതിജീവന സങ്കേതങ്ങൾ എന്നിവ കൂടാതെ നാവികസേനയുടെയും ഫയർഫോഴ്‌സിന്റെയും പരിശീലനവും പൊലീസ് സ്‌റ്റേഷനുകളിലെ പരിശീലനവും ഇവർക്ക് ലഭിച്ചു.
പാസിംഗ് ഔട്ട് പരേഡിൽ കൃഷി മന്ത്രി വി എസ് സുനിൽകുമാർ, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ട്രെയിനിംഗ് എഡിജിപി പോലീസ് അക്കാദമി സൂപ്രണ്ട് ഡോ. ബി സന്ധ്യ തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംബന്ധിച്ചു.