KERALA

കേരളത്തിന്‌ 1276 കോടി ; ദുരന്തനിവാരണ ഫണ്ടിലേക്ക് 157 കോടി

പതിനഞ്ചാം ധനകമീഷൻ ശുപാർശ പ്രകാരം കേരളത്തിന്‌ നൽകേണ്ട റവന്യൂകമ്മി ഗ്രാന്റിൽ 1276.92 കോടി രൂപ കേന്ദ്രം അനുവദിച്ചു. 15,323 കോടിയാണ്‌ കേരളത്തിന്‌ ലഭിക്കേണ്ടത്‌. കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഇത്രയും തുക ഇപ്പോൾ അനുവദിച്ചത്‌.

 

ധനകമീഷൻ ശുപാർശപ്രകാരം റവന്യൂകമ്മി ഗ്രാന്റെന്ന നിലയിൽ കേരളം, ബംഗാൾ, ആന്ധ്ര, തമിഴ്‌നാട്‌,  ഹിമാചൽ, ഉത്തരാഖണ്ഡ്‌ എന്നിവയ്‌ക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുമായി 17,287.08 കോടി രൂപയാണ്‌ ധനമന്ത്രാലയം അനുവദിച്ചത്‌.

 

ഈ സംസ്ഥാനങ്ങൾക്കെല്ലാമായി 79,340 കോടി രൂപയാണ്‌ ലഭിക്കേണ്ടത്‌.  എന്നാൽ ഇതിന്റെ 40 ശതമാനമായ 30,000 കോടി രൂപമാത്രമാണ്‌ കേന്ദ്രം ബജറ്റിൽ നീക്കിവച്ചത്‌. ഇതിൽ  ഒരു പങ്കാണ്‌ ഇപ്പോൾ അനുവദിച്ചത്‌.

 

ദുരന്തനിവാരണ ഫണ്ടിലേക്ക് 157 കോടി
സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ (എസ്‌ഡിആർഎഫ്‌) കേന്ദ്രവിഹിതത്തിന്റെ നടപ്പുവർഷത്തെ ആദ്യ ഗഡുവെന്ന നിലയിൽ എല്ലാ സംസ്ഥാനങ്ങൾക്കുമായി 11,092 കോടി അനുവദിച്ചു. 157 കോടി രൂപയാണ് കേരളത്തിനുള്ള വിഹിതം. ഒഡിഷ, ​ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചതിന്റെ നാലിലൊന്നുമാത്രമാണ് ഇത്. ജനസംഖ്യാനുപാതികമായി വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ് വിഹിതമാണ് കേരളത്തിന്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button