കൊറോണ വൈറസ് ബാധ; കേരളത്തിലും ജാഗ്രത നിര്‍ദേശം, എന്താണ് കൊറോണ വൈറസ് ?

ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ ഒന്‍പത് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ 13 പ്രവിശ്യകളിലായി 440 പേര്‍ക്ക് വൈറസ് ബാധയുണ്ടെന്നാണ് സ്ഥിരീകരണം. ചൈനയിലെ വുഹാനില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസിന്റെ ഭീതിയിലാണ് ലോകരാജ്യങ്ങളും.

 

എന്താണ് കൊറോണ വൈറസ് ?

 

സാധാരണയായി മൃഗങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന വൈറസുകളുടെ വലിയ കൂട്ടമാണ് കൊറോണ. മൈക്രോസ്‌കോപ്പിലൂടെ നിരീക്ഷിച്ചാല്‍ കിരീടത്തിന്റെ രൂപത്തില്‍ കാണപ്പെടുന്നതുകൊണ്ടാണ് ക്രൗണ്‍ എന്ന അര്‍ത്ഥം വരുന്ന കൊറോണ എന്ന പേരില്‍ ഈ വൈറസുകള്‍ അറിയപ്പെടുന്നത്. വളരെ വിരളമായി മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നേക്കാവുന്ന ഇത്തരം വൈറസുകളെ സൂനോട്ടിക് എന്നാണ് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ ബാധിക്കുന്ന കൊറോണ വൈറസുകളായിരുന്നു സാര്‍സ്, മെര്‍സ് എന്നീ രോഗങ്ങള്‍ക്ക് കാരണമായതും.
രോഗലക്ഷണങ്ങള്‍
വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത് ദിവസമാണ്. 5-6 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരീഡ്. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസം എന്നിവയാണ് രോഗത്തിന്റെ മുഖ്യലക്ഷണങ്ങള്‍. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളും രോഗലക്ഷണങ്ങളില്‍ പെടുന്നവയാണ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും രോഗം പകാരാനിടയുണ്ട്.
എങ്ങനെയാണ് രോഗം പകരുന്നത് ?
മൃഗങ്ങളുമായുള്ള സമ്പര്‍ക്കം രോഗം പകരാനിടയാക്കുന്നു. മെര്‍സ് രോഗം ആദ്യം പടര്‍ന്നുപിടിച്ചത് ഒട്ടകങ്ങളില്‍ നിന്നായിരുന്നു. രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും മറ്റുള്ളവരിലേക്ക് രോഗം പകരാം. രോഗി തുമ്മുകയോ ചുമക്കുകയോ ചെയ്യുക വഴി വൈറസ് സമ്പര്‍ക്കമുള്ള ആളിലേക്കെത്തിപ്പെടാം.
ചികിത്സ
കൊറോണ വൈറസ് ബാധയ്ക്ക് കൃത്യമായ മരുന്നുകളോ വാക്‌സിനുകളോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. രോഗലക്ഷണങ്ങള്‍ക്ക് ശമനം നല്‍കുന്ന വേദനസംഹാരികള്‍, ഗുളികകള്‍ എന്നിവയാണ് ഡോക്ടര്‍മാര്‍ സാധാരണ നിര്‍ദേശിക്കുക. പല വാക്‌സിനുകളും പരീക്ഷണഘട്ടത്തിലാണ്. അസുഖം വന്നാല്‍ ഒറ്റപ്പെട്ട കേന്ദ്രങ്ങളിലാണ് ചികിത്സിക്കേണ്ടത്. വളര്‍ത്തുമൃഗങ്ങള്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യതയേറെയാണ്.
കൊറോണവൈറസിന്റെ ഉറവിടം
2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. വുഹാനിലെ കടല്‍വിഭവ മാര്‍ക്കറ്റില്‍ നിന്നുള്ളവര്‍ക്കാണ് രോഗം കൂടുതല്‍ ബാധിച്ചത്. ഇതേത്തുടര്‍ന്ന് മാര്‍ക്കറ്റ് അടച്ചുപൂട്ടിയെങ്കിലും മാര്‍ക്കറ്റുമായി ബന്ധമില്ലാത്തവരിലും രോഗം സ്ഥിരീകരിച്ചതോടെ രോഗബാധയെക്കുറിച്ചുള്ള ഭീതി വര്‍ധിച്ചു.
വൈറസ് ബാധ മറ്റേതെല്ലാം രാജ്യങ്ങളില്‍ ?
ഇന്ത്യ, അമേരിക്ക, തായ്‌വാന്‍, തായ്‌ലാന്‍ഡ്, ജപ്പാന്‍, ദക്ഷിണകൊറിയ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ പലതും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
രാജ്യങ്ങളും സ്ഥിരീകരിച്ച കേസുകളും
ചൈന – 440
തായ്‌ലാന്‍ഡ് – 2
ജപ്പാന്‍ – 1
ദക്ഷിണകൊറിയ – 1
അമേരിക്ക – 1
ഓസ്‌ട്രേലിയ – 1
ലോകാരോഗ്യസംഘടനയുടെ നിര്‍ദേശങ്ങള്‍
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും ടവ്വലുകള്‍ ഉപയോഗിച്ച് മുഖം മറയ്ക്കുക, പനിയോ ജലദോഷമോ ഉള്ള ആളുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക
മത്സ്യം, മാംസം, മുട്ട തുടങ്ങിയവ നന്നായി വേവിച്ചുപയോഗിക്കുക. വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് അകലം പാലിക്കുക
കേരളത്തില്‍
സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ കൊറോണ വൈറസിനെതിരെ ജാഗ്രത ശക്തമാക്കിയിട്ടുണ്ട് . നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. എന്നാല്‍ പരിശോധനയില്‍ ചൈനയില്‍ നിന്ന് എത്തിയ 28 പേരില്‍ ഒരാള്‍ക്ക് പോലും രോഗലക്ഷണം ഇല്ലെന്ന് എയര്‍പോര്‍ട്ട് മെഡിക്കല്‍ സംഘം അറിയിച്ചു.
Comments

COMMENTS

error: Content is protected !!