കേരളത്തിലും വന്ദേഭാരത് ട്രയിനുകൾ

കേരളത്തിലും വന്ദേഭാരത് ട്രയിനുകൾ വരുന്നു. ഈ മാസം 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേരള സന്ദർശന വേളയിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്താനാണ് ധാരണ. 

വന്ദേഭാരത് ഓടിക്കണമെങ്കിൽ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടത്തുകയും സിഗ്നൽ സംവിധാനം മെച്ചപ്പെടുത്തുകയും വേണം. ചിലയിടങ്ങളിൽ വൈദ്യുതി ലൈനുകളുടെ ഉയരവും വർധിപ്പിക്കേണ്ടതുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് റെയിൽവേ ബോർഡിന്റെയോ ദക്ഷിണ റെയിൽവേയുടെയോ അറിയിപ്പുകൾ വന്നിട്ടില്ലെന്ന് തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു. 

അതേസമയം പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ട്രാക്ക്, സിഗ്നൽ, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണി അടുത്ത രണ്ട് ആഴ്ചകളിലായി നടത്തും. ഐസിഎഫിൽ എട്ട് കോച്ചുകൾ അടങ്ങിയ മൂന്ന് റേക്കുകൾ തയ്യാറായിട്ടുണ്ട്. എല്ലാമാസവും നാലോ അഞ്ചോ റേക്കുകൾ തയ്യാറാക്കാനുള്ള ജോലിയാണ് നടക്കുന്നത്.

കേന്ദ്ര ബജറ്റ് അവതരണ വേളയിൽ റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറി, മഹാരാഷ്ട്രയിലെ ലാത്തൂർ കോച്ച് ഫാക്ടറി, ഹരിയാണയിലെ സോനിപത്ത് കോച്ച് ഫാക്ടറി എന്നിവിടങ്ങളിൽ നിന്നുകൂടി വന്ദേഭാരതിന്റെ കോച്ചുകൾ നിർമിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇവിടങ്ങളിൽ ഇതിനുള്ള അടിസ്ഥാനസൗകര്യമൊന്നും ഒരുക്കിയിട്ടില്ലെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

Comments

COMMENTS

error: Content is protected !!