കേരളത്തിലേക്കുള്ള സിന്തറ്റിക് ലഹരിക്കടത്തിന് പിന്നില്‍ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന ലഹരിമാഫിയ സംഘങ്ങള്‍

സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ലഹരിമാഫിയ സംഘങ്ങളാണ് കേരളത്തിലേക്കുള്ള സിന്തറ്റിക് ലഹരിക്കടത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബംഗ്ലൂരുവില്‍ തമ്പടിച്ച നൈജീരിയന്‍ സംഘത്തോടൊപ്പം ചേര്‍ന്നാണ് സംഘങ്ങളുടെ പ്രവര്‍ത്തനമെന്ന് എക്സൈസിന്‍റെ  കണ്ടെത്തൽ.  ഇതോടെ കേന്ദ്ര സേനകളുടെ സഹായത്തോടെ ലഹരി റാക്കറ്റിനെ കണ്ടെത്താൻ എക്സൈസ് നീക്കം ഊര്‍ജിതമാക്കി. 

ഈ വര്‍ഷം ഇതുവരെ കൊച്ചിയില്‍ എക്സൈസ് റജിസ്റ്റര്‍ ചെയ്തത് 717 ലഹരിക്കേസുകളാണ്. ജനുവരിയില്‍ 42 കേസുകളെങ്കില്‍ ഒക്ടോബര്‍ എത്തുമ്പോള്‍ എണ്ണം ഇരട്ടിയായി. ഇതില്‍ മുക്കാല്‍ പങ്കും സിന്തറ്റിക് ലഹരിക്കടത്തുമായി ബന്ധപ്പെട്ടാണ്.

എക്സൈസിന് പുറമെ പൊലീസും നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും നടത്തിയ  അന്വേഷണങ്ങള്‍ക്കൊടുവില്‍ പിടിയിലായത് നൈജീരിയക്കാരായ സ്ത്രീകളും പുരുഷന്‍മാരും. മെട്രോ നഗരങ്ങളില്‍ അനധികൃതമായി താമസിച്ചാണ് നൈജീരിയന്‍ സംഘം രാജ്യത്തെ ലഹരിയിടപാടുകളത്രയും നിയന്ത്രിക്കുന്നത്. മേഘാലയ, നാഗാലാന്‍ഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും റാക്കറ്റിലെ മുഖ്യ കണ്ണികളാണ്. 

കേരളത്തിലെ അന്വേഷണ ഏജന്‍സികള്‍ക്ക് ഇത്തരം കുറ്റവാളികളെ പിടികൂടുന്നതില്‍ പരിമിതികളുണ്ട്. കേന്ദ്ര ഏജന്‍സികളുടെ സഹകരണത്തോടെ  മാത്രമേ പരിമിതികളെ അതിജീവിക്കാന്‍ അന്വേഷണ സംഘത്തിന് കഴിയുകയുള്ളൂ.

Comments

COMMENTS

error: Content is protected !!