കേരളത്തില്‍ അതിതീവ്ര കോവിഡ് വൈറസ്സിന്റ സാന്നിദ്ധ്യം ആറു പേരില്‍ സ്ഥിരീകരിച്ചു
കോഴിക്കോട്: കേരളത്തില്‍ അതിതീവ്ര കോവിഡ് വൈറസ്സിന്റ സാന്നിദ്ധ്യം ആറു പേരില്‍ സ്ഥിരീകരിച്ചതായി ആരാഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കോഴിക്കോട് ആലപ്പുഴ ജില്ലകളിലെ ഒരോ കുടുംബങ്ങളിലെ രണ്ട് പേര്‍ക്ക് വീതവും, കോട്ടയം കണ്ണൂര്‍ ജില്ലകളില്‍ ഒരോരുത്തര്‍ക്കും ഉള്‍പ്പെടെ ആറ് പേര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്.
ജനിതക വ്യതിയാനം സംഭവിച്ച ഈ വൈറസ് അതിവേഗ പകര്‍ച്ചാ സാദ്ധ്യതയുള്ളതാണ്. അതുകൊണ്ട് നല്ല ജാഗ്രത കാണിച്ചില്ലങ്കില്‍ കൂടുതല്‍ പേരിലേക്ക് രോഗം പെട്ടന്ന് പടര്‍ന്നു പിടിക്കാം. രോഗലക്ഷണം കണ്ടവരെ ആശുപത്രിയില്‍ പ്രവേശിച്ചു. സമ്പര്‍ക്ക പട്ടിക തയാറാക്കി നിരീക്ഷിച്ചു വരുന്നു. നേരത്തെ കണ്ടെത്തിയ വൈറസ് സൃഷ്ടിച്ച രോഗലക്ഷണങ്ങള്‍ തന്നെയാണ് ഈ രോഗാണുക്കളും പ്രകടിപ്പിക്കുന്നത്. രോഗ പകര്‍ച്ചാ തോത് വളരെ വലുതാണെങ്കിലും രോഗസ്വഭാവങ്ങളില് മാറ്റമില്ല. മുതിര്‍ന്ന തലമുറക്കും ജീവിതശൈലീരോഗങ്ങളുള്ളവര്‍ക്കും അപകടകരമായേക്കാം എന്നത് കൊണ്ട് റിവേഴ്സ് കോറന്റൈന് ശക്തിപ്പെടുത്തേണ്ടതുണ്ട്. ബ്രിട്ടനില്‍ നിന്നും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്ന രോഗബാധിതരുടെ ശ്രവമാണ് പൂണെ വയറോളജി ലാബിലേക്കയച്ചിരുന്നത്. ഇതില്‍ 24 പേരുടെ ടെസ്റ്റ് റിസള്‍ട്ടാണ് ഇപ്പാള്‍ ലഭിച്ചത്. ഇനിയും കുറേയെണ്ണം വരാനുമുണ്ട്.
ലോക് ഡൗണില്‍ വന്ന ഇളവുകളൊന്നും തല്ക്കാലം എടുത്തു കളഞ്ഞിട്ടില്ലങ്കിലും മാസ്ക് സാമൂഹ്യ അകലം കൈ കഴുകല്‍ എന്നിവ ഒരു വിട്ടുവീഴ്ചയുമില്ലാതെ തുടരണം. സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുന്ന തുടര്‍നടപടികള്‍ അപ്പപ്പോള്‍ ജനങ്ങളെ അറിയിക്കുമെന്നും വലിയ ജാഗ്രത ജനങ്ങളാകെ പുലര്‍ത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.