കേരളത്തിൽ മനുഷ്യരിലെ പ്രതുൽപ്പാദന നിരക്ക് കുറഞ്ഞു. മരണ നിരക്ക് മുന്നിൽ എന്നും പഠനം
കേരളത്തില്‍ മരണനിരക്കിനേക്കാള്‍ പ്രത്യുല്‍പ്പാദന നിരക്ക് കുറഞ്ഞു. ഇതോടൊപ്പം ശരാശരി ആയുസ്സിലുണ്ടായ മാറ്റം കേരളസമൂഹത്തില്‍ ജനസംഖ്യാപരമായ മാറ്റം (ഡെമൊഗ്രാഫിക് ട്രാന്‍സിഷന്‍) കൊണ്ടുവന്നു. കൊച്ചി കേന്ദ്രമായ സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് (സിഎസ്ഇഎസ്) നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള്‍
സമാന സാഹചര്യത്തിലെ വികസിത ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളിലെ കുടുംബബന്ധങ്ങളിലും മൂല്യങ്ങളിലുമുണ്ടായ മാറ്റം അതേപടി കേരളത്തില്‍ പ്രകടമായിട്ടില്ലെന്നും സിഎസ്ഇഎസിലെ അസോസിയറ്റ് ഫെലോ ഡോ. ബൈശാലി ഗോസ്വാമി നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. 1971ല്‍ ഒരു സ്ത്രീക്ക് നാലു കുട്ടികളെന്നതായിരുന്നു കേരളത്തിലെ പ്രത്യുല്‍പ്പാദന നിരക്ക്. 1988 ആയപ്പോള്‍ രണ്ടു കുട്ടികളെന്ന നിരക്കിലായി. ഇപ്പോഴത് രണ്ടിനും താഴെയാണ്. 1.7നും 1.9നും ഇടയില്‍ എത്തി നില്‍ക്കുന്നു.
പാശ്ചാത്യരാജ്യങ്ങളിലും ചില കിഴക്കന്‍, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും പല സാമൂഹ്യമാറ്റങ്ങള്‍ക്കും ഇത് കാരണമായിരുന്നു. വിവാഹവും പ്രസവവും നീട്ടിവയ്ക്കല്‍, വിവാഹമോചന വര്‍ധന, അണുകുടുംബങ്ങളിലെ വിള്ളലുകള്‍, വിവാഹപൂര്‍വ സഹവാസം എന്നിവയായിരുന്നു ആ കാരണങ്ങള്‍. കേരളത്തില്‍ വിവാഹം കഴിക്കാതെ ഒന്നിച്ചുതാമസിക്കല്‍ സാധാരണമായിട്ടില്ല. വിവാഹത്തിലും വിവാഹബന്ധത്തിലൂടെയുള്ള പ്രസവത്തിലും വന്ന മാറ്റങ്ങളാണ് പ്രത്യുല്‍പ്പാദന നിരക്ക് കുറച്ചത്. കുടുംബ സംവിധാനങ്ങള്‍ക്ക് കേരളത്തില്‍ പ്രസക്തി കുറഞ്ഞിട്ടില്ല. അത് രണ്ടാം ജനസംഖ്യാപരമായ മാറ്റങ്ങള്‍ സാവധാനത്തിലാക്കി തീര്‍ക്കും
മരണനിരക്ക് കുറഞ്ഞിട്ടുണ്ട്. മരണം 80 വയസ്സിനുമുകളിലുള്ളവരിലേക്ക് കേന്ദ്രീകരിക്കുകയെന്ന അവസ്ഥയിലേക്ക് എത്തിയിട്ടുമില്ല. മാറ്റത്തിന്റെ ആദ്യഘട്ടത്തില്‍ സാംക്രമികരോഗങ്ങളെ പ്രതിരോധിക്കുന്നതിലും ജീവിതദൈര്‍ഘ്യം കൂട്ടുന്നതിലും വിജയിച്ചു. ആയുര്‍ദൈര്‍ഘ്യം 1970–75ല്‍ 62 ആയിരുന്നത് 1996–2000ല്‍ 72 ആയും 2014–18ല്‍ 75 വയസ്സായും ഉയര്‍ന്നു.
പകരാത്ത രോഗങ്ങളിലേക്കുള്ള സ്വാഭാവിക പരിണാമവും കേരളത്തിലുണ്ടായി. 1990നും 2016നുമിടയില്‍ കേരളത്തില്‍ ആകെയുണ്ടായ രോഗങ്ങളുടെ നാലില്‍ മൂന്നും പകരാത്ത രോഗങ്ങളാണ്. മരണനിരക്ക് 75 വയസ്സിനുമുകളിലേക്ക് ഉയരാന്‍ അതും കാരണമായി. പ്രായാധിക്യംമൂലമുള്ള മരണനിരക്ക് 80 വയസ്സിനുമുകളിലേക്ക് മാറാനുള്ള സാധ്യതയും പഠനം ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് പ്രായമായവരുടെ അനുപാതം കൂടുതല്‍ കേരളത്തിലാണ്.