Uncategorized

കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്ത്രീകള്‍ക്കുവേണ്ടി സുരക്ഷിത താമസ കേന്ദ്രങ്ങളൊരുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്ത്രീകള്‍ക്കുവേണ്ടി സുരക്ഷിത താമസ കേന്ദ്രങ്ങളൊരുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കാക്കനാട് ഐ.എം.ജി ജംങ്ഷനു സമീപം ‘എന്റെ കൂട്’ താമസ കേന്ദ്രത്തിന്റെ ഉദ്ഘാടനം  നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 

വിവിധ ആവശ്യങ്ങള്‍ക്കു വേണ്ടി ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലുമെത്തി രാത്രി വൈകി തിരിച്ചുപോകാന്‍ സാധിക്കാത്തവര്‍ക്കാണ് പ്രധാനമായും പദ്ധതി പ്രയോജനപ്പെടുക. വനിതാ – ശിശു വികസന കോര്‍പ്പറേഷന്റെ ഹോസ്റ്റലുകളിലും ഇത്തരം താത്കാലിക താമസ സൗകര്യമൊരുക്കുന്നുണ്ട്. സ്ത്രീകള്‍ക്കായുള്ള ‘എന്റെ കൂട്’ സുരക്ഷിത താമസ കേന്ദ്രങ്ങളിലേക്കും വനിതാ വികസന കോര്‍പ്പറേഷന്റെ ഹോസ്റ്റലുകളിലേക്കും സ്ത്രീകള്‍ക്ക് സുരക്ഷിതമായി എത്തുന്നതിന് സ്ത്രീകള്‍ ഓടിക്കുന്ന ടാക്സികളെയും പദ്ധതിയുമായി ബന്ധിപ്പിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഹോസ്റ്റലുകളുടെ പ്രവര്‍ത്തനത്തിനായി മൊബൈല്‍ ആപ്പ് തയാറാക്കിയിട്ടുണ്ട്.
ഓരോ സ്ഥലത്തെയും ഹോസ്റ്റലുകളുടെ വിവരങ്ങള്‍ ആപ്പില്‍നിന്ന് മനസിലാക്കാം. താമസത്തിന് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുകയും ചെയ്യാം. എന്റെ കൂട് പദ്ധതിയെയും ആപ്പില്‍ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. ആപ്പില്‍ നോക്കി ബെഡിന്റെ ലഭ്യത, സൗകര്യങ്ങള്‍ തുടങ്ങിയവ മനസിലാക്കുന്നതിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
രാത്രികാലങ്ങളില്‍ എത്തുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിത ഇടമൊരുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് എന്റെ കൂട് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കോഴിക്കോട് 2015 ലും തിരുവനന്തപുരത്ത് 2017 ലും പദ്ധതി ആരംഭിച്ചു. വൈകിട്ട് ആറര മുതല്‍ പിറ്റേന്ന് രാവിലെ ഏഴര വരെയാണ് എന്റെ കൂട് സ്ഥാപനത്തിന്റെ പ്രവര്‍ത്തന സമയം. വെളുപ്പിന് മൂന്ന് മണി വരെ എത്തുന്നവര്‍ക്കും ഇവിടെ പ്രവേശനം അനുവദിക്കും. രാത്രി എട്ടു മണിവരെ പ്രവേശനം തേടുന്നവര്‍ക്ക് സൗജന്യ രാത്രി ഭക്ഷണവും ലഭിക്കും. പരമാവധി മൂന്ന് ദിവസം വരെ ഇവിടെ താമസിക്കാം.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button