കേരളത്തിൽ മഴ ശക്തമായി തുടരാൻ സാധ്യത
തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമായി തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതും തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂന മർദ്ദ പാത്തി നിലനിൽക്കുന്നതുമാണ് കേരളത്തിന് മഴ ഭീഷണി വർധിപ്പിക്കുന്നത്.
ഇതിന്‍റെ ഭാഗമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുണ്ട്. ഇന്നും നാളെയും (ഓഗസ്റ്റ് 31 , സെപ്റ്റംബർ 1) കേരളത്തിൽ ഒറ്റപെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.