കേരളത്തിൽ ശക്തമായ കാറ്റിനും അതിശക്തമായ മഴക്കും സാധ്യത- വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അറബിക്കടലിൽ ലക്ഷദ്വീപ്-മാലിദ്വീപ്-കോമോറിൻ  ഭാഗത്തായി രൂപപ്പെട്ടിരുന്ന ന്യൂനമർദം ഒരു തീവ്രന്യൂനമർദമായി മാറിയിരിക്കുന്നു. സിസ്റ്റത്തിനകത്തെ പരമാവധി കാറ്റിൻറെ വേഗത മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ (ചില സമയങ്ങളിൽ 60 വരെ) വരെയുള്ള സിസ്റ്റങ്ങളെയാണ് തീവ്രന്യൂനമർദം എന്ന ഗണത്തിൽ പെടുത്തുന്നത്.

തീവ്രന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ തീവ്രന്യൂനമർദം കടന്നു പോകുന്നതിനാൽ കേരള തീരത്ത് മൽസ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. മത്സ്യത്തൊഴിലാളികള്‍  തിരിച്ചുവരണമെന്നും നിര്‍ദേശം നല്കിയിട്ടുണ്ട്.

 ഇനിയുള്ള സമയങ്ങളിലും കടൽ അതിപ്രക്ഷുബ്ധവസ്ഥയിൽ തുടരുന്നതാണ്. ആയതിനാൽ യാതൊരു കാരണവശാലും ആരെയും കടലിൽ പോകരുത്‌; തീവ്രന്യൂനമർദത്തിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ വിശേഷിച്ച് തീരമേഖലയിലും മലയോര മേഖലയിലും ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്.
ശക്തമായ കാറ്റിൽ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും പരസ്യ ബോർഡുകളും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ ഇവയ്ക്ക് കീഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. ഇലെക്ട്രിക്ക് കമ്പികൾ  പൊട്ടിവീഴാൻ  സാധ്യതയുള്ളതിനാൽ വെള്ളക്കെട്ടിൽ ഇറങ്ങാതിരിക്കുക. അതിരാവിലെ ജോലിക്ക് പോകുന്നവരും വിദ്യാർത്ഥികളും പ്രത്യേകം ഈ കാര്യത്തിൽ ശ്രദ്ധിക്കുക.
 
മലയോരമേഖലയിലേക്കുള്ള അടിയന്തര ആവശ്യങ്ങള്‍ക്കുള്ളതല്ലാത്ത വൈകീട്ട് 6 മണി മുതല്‍ രാവിലെ 7 മണി വരെയുള്ള യാത്ര മാറ്റി വയ്ക്കണം. 
 
വെള്ളക്കെട്ടുകളിലും ജലാശയങ്ങളിലും ആളുകള്‍ ഇറങ്ങരുത്.
 
 
ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 0495 2372966 (കോഴിക്കോട്) 0496 2620235 (കൊയിലാണ്ടി), 0495 2223088 (താമരശേരി), 0496 2522361 (വടകര), കലക്ട്രേറ്റ് 1077.

Comments

COMMENTS

error: Content is protected !!