കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്‌കോ) രൂപീകരിച്ചു

ചിങ്ങം ഒന്നിന് സംസ്ഥാനതല കർഷക ദിനാഘോഷ വേദിയിൽ കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്‌കോ) രൂപീകരിച്ചു. കേരളത്തിന്റെ കാർഷിക ഉൽപ്പന്നങ്ങൾക്ക് പരമാവധി വില ലഭ്യമാക്കുക, വിവിധ കാർഷികോൽപ്പന്നങ്ങളുടെ സംഭരണത്തിനും സംസ്‌കരണത്തിനും മൂല്യവർധനവിനും ദേശീയ അന്തർദേശീയ വിപണനത്തിനും പുത്തൻ മാർഗം കണ്ടെത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ്  കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്‌കോ) രൂപീകരിച്ചത്.

കാബ്‌കോ രൂപീകൃതമായ അന്ന് തന്നെ കമ്പനിയിൽ ഓഹരി എടുക്കാൻ തയാറായി നബാർഡ് മുന്നോട്ടുവന്നതായി സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. തിരുവനന്തപുരം കനകക്കുന്നിൽ നടന്ന പരിപാടിയിൽ കർഷക ദിനാഘോഷം, കർഷക അവാർഡ് വിതരണം, കാബ്‌കോ ഉദ്ഘാടനം, പച്ചക്കറിക്കും ചെറുധാന്യങ്ങൾക്കും മുൻഗണന നൽകി സ്വയംപര്യാപ്തമായ ആരോഗ്യ ഭക്ഷണം ലക്ഷ്യംവെച്ച് കൃഷിവകുപ്പ് ആരംഭിക്കുന്ന പോഷക സമൃദ്ധി മിഷന്റെ പ്രഖ്യാപനം എന്നിവ കൃഷി മന്ത്രി നിർവഹിച്ചു.

ചടങ്ങിൽ കാബ്‌കോ ലോഗോ കൃഷി മന്ത്രി പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുത്ത വിളകൾ നട്ടുകൊണ്ട് മന്ത്രിമാരായ പി പ്രസാദ്, വി ശിവൻകുട്ടി, ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ അനിൽ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ പോഷക സമൃദ്ധി മിഷൻ പ്രഖ്യാപനം നടത്തി. ഫാം ഇൻഫർമേഷൻ ബ്യൂറോ തയ്യാറാക്കിയ ‘ഹരിതഗാഥ’ പുസ്തകം കൃഷി മന്ത്രിക്ക് നൽകി ഗതാഗതമന്ത്രി പ്രകാശനം ചെയ്തു. കർഷക അവാർഡുകളും മന്ത്രിമാർ വിതരണം ചെയ്തു. നാല്പതിലേറെ വിഭാഗങ്ങളിലായി അറുപതിൽപ്പരം അവാർഡുകളാണ് വിതരണം ചെയ്തത്.

Comments

COMMENTS

error: Content is protected !!