Uncategorized

കേരള സംഗീത നാടക അക്കാദമി അമേച്വര്‍ നാടകോത്സവം പൂക്കാട് കലാലയത്തില്‍

കേരള സംഗീത നാടക അക്കാദമി നടത്തുന്ന അമേച്വര്‍ നാടക നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അമേച്വര്‍ നാടകോത്സവം പൂക്കാട് കലാലയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഒക്ടോബര്‍ 4 മുതല്‍ 7 വരെയാണ് നാടകോത്സവം നടക്കുന്നത്. മലബാറിലെ നാടക പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമായ പൂക്കാട് കലാലയത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായ രണ്ടാമത്തെ പരിപാടിയാണ് നാടകോത്സവം.

നാല് ദിവസങ്ങളിലായി വൈകീട്ട് 6.30 ന് വ്യത്യസ്തങ്ങളായ നാല് രംഗാവതരണങ്ങള്‍ അരങ്ങില്‍ എത്തും. നാടകോത്സവത്തിന്റെ ഭാഗമായി നാടക ചരിത്ര പ്രദര്‍ശനം, നാടക ശില്പശാല, നാടകഗാന സദസ്സ്, നാടകരംഗത്തെ കലാകാരന്മാരെ ആദരിക്കല്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ നാലിന് വൈകീട്ട് 5 30ന് കൊയിലാണ്ടി എംഎല്‍എ ജമീല കാനത്തില്‍ നാടകോത്സവം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ കെ. ശ്രീകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, നിര്‍വാഹക സമിതി അംഗം വി. ടി മുരളി, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, വില്‍സണ്‍ സാമുവല്‍, ശിവദാസ് ചേമഞ്ചേരി, യു.കെ. രാഘവന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

ആദ്യദിനത്തില്‍ മലയാള നാടക ചരിത്രത്തിന്റെ നാള്‍വഴികളും മുഹൂര്‍ത്തങ്ങളും അടയാളപ്പെടുത്തിയ നാടക ചരിത്ര പ്രദര്‍ശനം കാലത്ത് 10 മണിക്ക് നാടകോത്സവ നഗരിയില്‍ ആരംഭിക്കും. പ്രദര്‍ശനം നാലുനാള്‍ നീണ്ടുനില്‍ക്കും. വൈകിട്ട് 6.30ന് സുരേഷ് ബാബു ശ്രീസ്ഥ രചനയും മനോജ് നാരായണന്‍ സംവിധാനവും ചെയ്ത പൂക്കാട് കലാലയത്തിന്റെ ‘ചിമ്മാനം’ എന്ന നാടകം അവതരിപ്പിക്കും.രണ്ടാം ദിവസമായ ഒക്ടോബര്‍ 5 ന് കാലത്ത് പത്തുമണി മുതല്‍ ഗോപിനാഥ് കോഴിക്കോട് നേതൃത്വം നല്‍കുന്ന ഏകദിന നാടക ശില്പശാല നടക്കും. 6.30ന് സഞ്ജു മാധവ് രചനയും ശ്രീജിത്ത് പൊയില്‍ക്കാവ് സംവിധാനവും നിര്‍വഹിച്ച ‘അകലെ അകലെ മോസ്‌കോ’ എന്ന നാടകവും അരങ്ങേറും .

ഒക്ടോബര്‍ ആറിന് വൈകിട്ട് 5.30 ന് വി.ടി. മുരളി, പ്രേംകുമാര്‍ വടകര , പാലത്ത് കോയ, സുനില്‍ തിരുവങ്ങൂര്‍ എന്നിവര്‍ പങ്കെടുക്കുന്ന നാടകഗാന സദസ്സ് നടക്കും. തുടര്‍ന്ന് വിനോദ് രചനയും സംവിധാനവും നടത്തിയ നാടക സൗഹൃദം തൃശൂരിന്റെ സൈ്വരിത പ്രയാണം എന്ന നാടകം അരങ്ങിലെത്തും.സമാപന ദിവസമായ ഒക്ടോബര്‍ ഏഴിന് വൈകിട്ട് 5 മണിക്ക് നാടകരംഗത്തെ 23 കലാകാരന്മാരെ വേദിയില്‍വെച്ച് ആദരിക്കും. തുടര്‍ന്ന് 6.30 ന് ഡോ. സാംകുട്ടി പട്ടംകരി രചനയും സംവിധാനവും നിര്‍വ്വഹിച്ച പ്ലാംയ ല്യൂബ്യോയ് എന്ന നാടകം അരങ്ങിലെത്തും.വാര്‍ത്ത സമ്മേളനത്തില്‍ സുനില്‍ തിരുവങ്ങൂര്‍, യു കെ രാഘവന്‍, ശിവദാസ് കാരോളി, കാശി പൂക്കാട് സുരേഷ് ഉണ്ണി, വിനീത് പൊന്നാടത്ത് എന്നിവര്‍ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button